നോട്ട് അസാധുവാക്കല്‍: യുപിയില്‍ ജനരോഷം മറികടക്കാന്‍ സര്‍ക്കാര്‍ പണം ഒഴുക്കുന്നതായി റിപ്പോര്‍ട്ട്

Update: 2017-12-25 11:55 GMT
Editor : Sithara
നോട്ട് അസാധുവാക്കല്‍: യുപിയില്‍ ജനരോഷം മറികടക്കാന്‍ സര്‍ക്കാര്‍ പണം ഒഴുക്കുന്നതായി റിപ്പോര്‍ട്ട്
Advertising

ദിവസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്ത് 5000 കോടിയുടെ പുതിയ നോട്ട് റിസര്‍വ്വ് ബാങ്ക് എത്തിച്ചതായി വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു

നിയമസഭാ തെരഞ്ഞടുപ്പ് ആസന്നമായ ഉത്തര്‍ പ്രദേശില്‍‌ നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ രോഷം മറികടക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ പണം എത്തിക്കുന്നതായി റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്ത് 5000 കോടിയുടെ പുതിയ നോട്ട് റിസര്‍വ്വ് ബാങ്ക് എത്തിച്ചതായി വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനങ്ങളില്‍ നടത്തിയ പണ വിതരണത്തിന്‍റെ കണക്ക് പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് ഇതേ കുറിച്ച് റിസര്‍വ്വ് ബാങ്ക് അധികൃതര്‍ പ്രതികരിച്ചത്.

ആര്‍ബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് കഴിഞ്ഞ 17നാണ് ഉത്തര്‍പ്രദേശിലേക്ക് മാത്രമായി പ്രത്യേകം പണമെത്തിച്ചെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 5000 കോടി രൂപയുമായി ഉത്തര്‍പ്രദേശിലേക്ക് ആര്‍ബിഐയുടെ പ്രത്യേക വിമാനം പോയി എന്നായിരുന്നു വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന്‍റെ റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ യുപിയിലെ വിവിധ ജില്ല കളില്‍‌ ബാങ്കുകള്‍ പണവിതരണം തോത് വര്‍ധിപ്പിച്ചെന്ന് വ്യക്തമാക്കി ബിജെപി പ്രാദേശിക നേതൃത്വം തന്നെ രംഗത്തെത്തി.

വടക്കന്‍ യുപിയിലെ ബൈന്‍സ് ഗാവ് മേഖലയില്‍ വലിയ തോതില്‍ നോട്ട് ക്ഷാമം കുറഞ്ഞതായി ബിജെപിയുടെ സ്ഥലം എംഎല്‍എ കമലേശ് പാസ്വാന്‍ വ്യക്തമാക്കി. മേഖലയിലെ ബാങ്കുകള്‍ 5000 രൂപ വരെ പണം പിന്‍വലിക്കാന്‍ അനുവദിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനത്തേക്ക് വേഗത്തില്‍ കൂടുതല്‍ പണമെത്തിക്കാന്‍ നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നതായി ഫൈസാബാദ് എംപി ലല്ലുസിംഗ് നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ സംസ്ഥാനങ്ങളിലേക്കുള്ള പണ വിതരണത്തിന്‍റെ ഒരു തരത്തിലുള്ള കണക്കും ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്നാണ് റിസര്‍വ്വ് ബാങ്ക് വക്താവ് ഇതേകുറിച്ച് പ്രതികരിച്ചത്. വിഷയത്തില്‍ ബിജെപി കേന്ദ്ര - സംസ്ഥാന നേതൃത്വം ഇത് വരെ പ്രതികരിച്ചിട്ടില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News