നോട്ട് അസാധുവാക്കല്‍: പ്രതിസന്ധി ഡിസംബര്‍ 31 ന് അവസാനിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകില്ല

Update: 2017-12-26 18:54 GMT
നോട്ട് അസാധുവാക്കല്‍: പ്രതിസന്ധി ഡിസംബര്‍ 31 ന് അവസാനിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകില്ല
Advertising

പുതിയ നോട്ടുകളുടെ വിതരണം പൂര്‍ത്തിയാകാന്‍ അടുത്തവര്‍ഷം ആഗസ്റ്റ് വരെ കാത്തിരിക്കണമെന്ന് റിസര്‍വ് ബാങ്ക്

നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള പ്രതിസന്ധി ഡിസംബര്‍ 31 ന് അവസാനിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടപ്പാവില്ല. പുതിയ നോട്ടുകളുടെ വിതരണം പൂര്‍ത്തിയാകാന്‍ 2017 ആഗസ്ത് വരെയെങ്കിലും കാത്തിരിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. റിസര്‍വ ബാങ്കിന്റെ നാല് പ്രസ്സുകള്‍ രാപകല്‍ പരിശ്രമിച്ചാലും നിര്‍ദ്ദിഷ്ട സമയ പരിധിക്കുള്ളില്‍ പുതിയ കറന്‍സികളുടെ അച്ചടി പൂര്‍ത്തിയാകില്ല.

വിപണിയിലുണ്ടായിരുന്ന 14 ലക്ഷം കോടി രൂപ മൂല്യമുണ്ടായിരുന്ന 1000, 500 രൂപ കറന്‍സികളാണ് പിന്‍വലിച്ചത്. ഇതില്‍ 9 ലക്ഷം കോടി രൂപ തിരികെ എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍‌ തീരുമാനമെങ്കില്‍ അത് പൂര്‍ത്തിയാകാന്‍ 2017 മെയ് വരെ കാലതാമസമുണ്ടാകും. 14 ലക്ഷം കോടി രൂപ അതേപടി പുനഃസ്ഥാപിക്കുകയാണെങ്കില്‍ കാത്തിരിപ്പ് ആഗസ്ത് വരെ നീളും.

മധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളിലുള്ള സെക്യൂരിറ്റി പ്രസ്സുകളിലാണ് പുതിയ കറന്‍സികളുടെ അച്ചടി പുരോഗമിക്കുന്നത്. ഇവിടെ പരിമിതമായ മെഷീനുകളില്‍ മാത്രമാണ് ഉയര്‍ന്ന മൂല്യമുള്ള 500, 2000 നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള സുരക്ഷ മാനദണ്ഡങ്ങളുള്ളത്. റിസര്‍വ് ബാങ്ക് രേഖകള്‍ പ്രകാരം പ്രസ്സുകളുടെ പ്രതിദിന ഉത്പാദന ശേഷി 7.4 കോടി നോട്ടുകളാണ്. പ്രസ്സുകള്‍ രാപ്പകല്‍ പ്രവര്‍ത്തിച്ചാല്‍ പോലും പ്രതിദിനം 11.1 കോടി നോട്ടുകളാണ് അച്ചടിക്കാനാവുന്നത്.

500 രൂപ നോട്ടുകള്‍ മാത്രമായി അച്ചടി ചുരുക്കിയാല്‍ പ്രതിദിന ഉത്പാദനം 5.56 കോടി നോട്ടുകളായി ചുരുങ്ങും. ഇത് ദിനവും ആവശ്യമുള്ളതിന്റെ 0.8 ശതമാനം മാത്രമാണ്. ഈ നിരക്ക് പ്രകാരം നോട്ടിന്റെ വിതരണം പൂര്‍ത്തിയാകാന്‍ 122 മുതല്‍ 212 വരെ ദിവസങ്ങള്‍ വേണ്ടിവരും. 500 രൂപ നോട്ടുകളുടെ അച്ചടി 2017 ജൂലൈ വരെ നീളാനും സാധ്യതയുണ്ട്.

പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം നേരത്തെ അച്ചടി പൂര്‍ത്തിയാക്കിയ 2000 രൂപയുടെ 200 കോടി നോട്ടുകള്‍ നിലവില്‍ വിതരണം ചെയ്തു. അതിനാല്‍ തന്നെ 500 രൂപ നോട്ടുകള്‍ ആവശ്യാനുസരണം അച്ചടിച്ചിറക്കാനുമാവില്ല.

Tags:    

Similar News