സമാജ്‌വാദി പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കരുതെന്ന് മുലായം
പാര്‍ട്ടിയെ ഭിന്നിപ്പിക്കാനാണ് പലരുടെയും ശ്രമമെന്നും മുലായം കുറ്റപ്പെടുത്തി
സമാജ്‍വാദി പാര്‍ട്ടിയില്‍ ഐക്യം നിലനിര്‍ത്തണമെന്ന് മുലായം സിംഗ് യാദവ്. പാര്‍ട്ടിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമാജ്‍വാദി പാര്‍ട്ടിയെ പിളര്‍ത്താനുള്ള ശ്രമങ്ങളെ ചെറുക്കണമെന്ന അഭ്യര്‍ത്ഥനയാണ് മുലായം സിംഗ് യാദവ് പാര്‍ട്ടി അണികള്‍ക്ക് മുന്നില്‍ വെച്ചത്. പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ ആര്‍ക്കും വിട്ട് നല്‍കില്ല. ബന്ധു കൂടിയായ രാംഗോപാല്‍ യാദവിനെ കടുത്ത ഭാഷയില്‍ മുലായം വിമര്‍ശിച്ചു. രാംഗോപാല്‍ പുതിയ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അയാളാണ് പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നതെന്നും മുലായം ആരോപിച്ചു.
അഖിലേഷ് യാദവ് പുതിയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണെങ്കില്‍ ശക്തമായ വെല്ലുവിളി താന്‍ ഉയര്‍ത്തുമെന്ന സൂചനയാണ് മുലായത്തില്‍ നിന്ന് വന്നതെന്നാണ് സൂചന. അതേസമയം കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിയും സമാജ്‍വാദി പാര്‍ട്ടിയുടെ ഡിംപിള്‍ യാദവും ചേര്‍ന്ന് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ക്കിടെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ഇന്ന് കൂടിക്കാഴ്ച്ച നടത്തിയേക്കും.