കശ്‍മീരില്‍ സൈന്യത്തിന്റെ പെല്ലറ്റാക്രമണത്തില്‍ 12 വയസ്സുകാരന്‍ കൊല്ലപ്പെട്ടു
കുട്ടിയുടെ മരണത്തെ തുടര്‍ന്ന് നൂറുകണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ സമരത്തിനു നേര്‍ക്ക് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു
കശ്‍മീരില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സുരക്ഷാ സേന നടത്തിയ പെല്ലറ്റ് വെടിവെപ്പില്‍ 12 വയസ്സുകാരന്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ശ്രീനഗറിലുണ്ടായ സംഘര്‍ഷാവസ്ഥ നേരിടാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സയ്ദ്പുര സ്വദേശിയായ ജുനൈദ് അഹമ്മദ് ആണ് പെല്ലറ്റ് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനു വേണ്ടിയാണ് ശനിയാഴ്ച വൈകിട്ട് സേന പെല്ലറ്റാക്രമണം നടത്തിയത്. ഈ സമയത്ത് വീടിന്റെ ഗേറ്റിനു സമീപത്തായി നിൽക്കുകയായിരുന്നു ജുനൈദ്. പെല്ലറ്റുകൾ ജുനൈദിന്റെ തലയിലും നെഞ്ചിലും പതിച്ചു. ഗുരുതരമായി പരുക്കേറ്റ ജുനൈദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ മരണത്തെ തുടര്‍ന്ന് നൂറുകണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ സമരത്തിനു നേര്‍ക്ക് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.