വേനല്‍ചൂട് ; ഒഡീഷയില്‍ മാത്രം മരിച്ചത് 88 പേര്‍
ഉത്തരേന്ത്യയില്‍ ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു, കന്നുകാലികള്‍ ചത്തൊടുങ്ങുന്നു
രാജ്യത്ത് വേനല്‍ചൂട് കടുക്കുന്നു. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് വരള്‍ച്ചാ കെടുതി രൂക്ഷമായിരിക്കുന്നത്. കനത്ത ചൂടില്‍ ഒഡിഷയില്‍ മാത്രം മരിച്ചവരുടെ എണ്ണം 88 ആയതായാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്.
തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെടുത്തത്. ഒഡിഷയിലെ തിത്ലാഗര്‍ഹില്‍ കഴിഞ്ഞ ദിവസം റെക്കോഡ് ചൂടാണ് അനുഭവപ്പെട്ടത്. 45. 8 ഡിഗ്രി സെല്‍ഷ്യസ്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഇവിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.
അത്യുഷ്ണത്തില്‍ ഒഡീഷയില്‍ മാത്രം ഇതുവരെ 88 പേര്‍ മരിച്ചു. പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ പലയിടങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. ദക്ഷിണേന്ത്യയില്‍ തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. തെലങ്കാനയില്‍ കൊടുംചൂടില്‍ ഇതുവരെ 49 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
കനത്ത വരള്‍ച്ചയില്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് കര്‍ഷകരാണ്. വ്യാപക കൃഷിനാശത്തിന് പുറമെ കാലികള്‍ ചത്തൊടുങ്ങുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കിണറുകളും കുളങ്ങളും വറ്റിവരണ്ടതോടെ പല പ്രദേശങ്ങളിലും ജനങ്ങള്‍ കൂട്ടത്തോടെ പലായാനം ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മണ്‍സൂണ്‍ വരെ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.