യോഗ മതപരമായ ആചാരമല്ലെന്ന് നരേന്ദ്രമോദി
ഇന്ന് അന്താരാഷ്ട്ര യോഗദിനം
രണ്ടാമത് ലോക അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് രാജ്യമെമ്പാടും വിപുലമായ ആഘോഷ പരിപാടികള്‍ അരങ്ങേറി. ചണ്ഡീഗഡില്‍ സമൂഹ യോഗാഭ്യാസി പ്രകടനത്തിന് നേതൃത്വം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളിലായി 54 കേന്ദ്ര മന്ത്രിമാര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. യോഗ ജനങ്ങളുടെ മുന്നേറ്റമായി മാറിയതായി പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി കഴിഞ്ഞ വര്‍ഷമാണ് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്. ആദ്യ വര്‍ഷത്തെപ്പോലെ രണ്ടാം വാര്‍ഷിക ദിനത്തിലും വിപുലമായ ആഘോഷ പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ അരങ്ങേറിയത്. ഛണ്ഡീഗഡിലെ കപ്പിറ്റോള്‍ കോംപ്ലക്സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടികള്‍ ഔദ്യോഗികമായി ആരംഭിച്ചു. മുപ്പതിനായിരത്തോളം വരുന്ന ആളുകള്‍ പങ്കെടുത്ത യോഗാഭ്യാസ പ്രകടനത്തിന് പ്രധാനമന്ത്രി നേതൃത്വം നല്‍കി. ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങളില്‍ പെട്ട യോഗയെ സ്വീകരിച്ചതില്‍ ലോക രാജ്യങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും ഒരു വര്‍ഷം കൊണ്ട് യോഗ ജനങ്ങളുടെ മുന്നേറ്റമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസ്, താല്‍ക്കത്തോറ സ്റ്റേഡിയം, നെഹ്റു പാര്‍ക്ക് തുടങ്ങിയ വിവിധ സ്ഥലങ്ങളിലായിട്ടാണ് അഘോഷ പരിപാടികള്‍ നടന്നത്. ചാണക്യപുരിയില്‍ വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ യോഗാഭ്യാസ പ്രകടനം നടന്നു. ധനമന്ത്രി അരുണ്‍ ജെയറ്റിലിയും രാജ്നാഥ് സിംഗും ഉത്തര്‍ പ്രദേശിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തു.