കള്ളപ്പണം: പ്രധാനമന്ത്രിയുടെ അവകാശവാദം പൊളിയുന്നു?
ഇനിയുള്ള മൂന്ന് ലക്ഷം കോടിയില്‍ താഴെ തിരിച്ചെത്താന്‍ നാലാഴ്ച ബാക്കിയുണ്ട്. ഇത് പൂര്‍ണമായോ വലിയ ഒരു ശതമാനമോ തിരിച്ചെത്തിയാല്‍ കള്ളപ്പണെ പിടിക്കാന്‍ എടുത്തതെന്ന പേരില്‍ നടപ്പാക്കിയ നടപടി പൂര്‍ണമായി പൊളിഞ്ഞുവെന്ന പഴി
നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്തെ കള്ളപ്പണം തടയാനാവുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം പൊളിയുന്നതായി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. അസാധുവാക്കിയ കറന്‍സി മൂല്യത്തിന്റെ എണ്‍പത് ശതമാനത്തിലധികം ബാങ്കുകളില്‍ എത്തിയതായാണ് നവംബര്‍ 28ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. പഴയ നോട്ടുകള്‍ തിരിച്ചെത്തിക്കാന്‍ ഇനി നാലാഴ്ച കൂടി ശേഷിക്കെ സര്‍ക്കാരിന് വലിയ ആശങ്കയുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം.
നോട്ട് അസാധുവാക്കലിനെക്കുറിച്ച് നവംബർ 29 ന് ഡോ. സുബ്ബറാമി റെഡ്ഢി ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ നൽകിയ മുറുപടിയില്‍ പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കൽ പ്രഖ്യാപിക്കുന്പോള്‍ രാജ്യത്ത് അഞ്ഞൂറിന്റെ 17165 ദശലക്ഷം നോട്ടുകളും, ആയിരത്തിന്റെ 6858 ദശലക്ഷം നോട്ടുകളും പ്രചാരത്തിൽ ഉണ്ടായിരുന്നു വെന്നാണ്. അതായത് അസാധുവാക്കിയ നോട്ടുകളുടെ ആകെ മൂല്യം 15.44 ലക്ഷം കോടി . നവംബർ 10 നും 27 നും ഇടയ്ക്ക് ബാങ്കുകളിലേക്ക് 8.45 ലക്ഷം കോടി രൂപ തിരിച്ചെത്തിയതായി റിസർവ് ബാങ്കിന്റെ പ്രിൻസിപ്പൽ അഡ്വൈസർ അൽപ്പന കില്ലിവാലാ നവംബർ 28 ന് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നു.
റിസർവ് ബാങ്കിന്റെ രേഖകൾ പ്രകാരം നവംബർ എട്ടിന് ബാങ്കുകളുടെ കൈവശം ഉണ്ടായിരുന്ന കരുതൽ ധനാനുപാതം 4.06 ലക്ഷം കോടി ആണ്. സാധാരണ ഗതിയിൽ ഉയർന്ന മൂല്യം ഉള്ള നോട്ടുകളിലാണ് ഈ പണം റിസേർവ് ബാങ്ക് മറ്റ് ബാങ്കുകളിലേക്ക് കൈമാറാറുള്ളത്. അതായത് ഔദ്യോഗിക രേഖകൾ പ്രകാരം അസാധു ആക്കിയ 500, 1000 രൂപ നോട്ടുകളുടെ 12.51 ലക്ഷം കോടി രൂപ നിലവില്‍ റിസർവ് ബാങ്കിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇനിയുള്ള മൂന്ന് ലക്ഷം കോടിയില്‍ താഴെ തിരിച്ചെത്താന്‍ നാലാഴ്ച ബാക്കിയുണ്ട്. ഇത് പൂര്‍ണമായോ വലിയ ഒരു ശതമാനമോ തിരിച്ചെത്തിയാല്‍ കള്ളപ്പണെ പിടിക്കാന്‍ എടുത്തതെന്ന പേരില്‍ നടപ്പാക്കിയ നടപടി പൂര്‍ണമായി പൊളിഞ്ഞുവെന്ന പഴി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേള്‍ക്കേണ്ടി വരും.