'അതിര്‍ത്തിയിലെ സൈനികരെ ചൈനീസ് ഭാഷ പഠിപ്പിക്കും' രാജ്നാഥ് സിങ്
അതിര്‍ത്തിയിലെ സൈനികരെ ചൈനീസ് ഭാഷ പഠിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ചൈനീസ് അതിര്‍ത്തിയിലെ എല്ലാ സൈനികരെയും ചൈനീസ് ഭാഷയായ മണ്ടാരിന്‍ പഠിപ്പിക്കണമെന്ന്..
ചൈനീസ് അതിര്‍ത്തിയിലെ എല്ലാ സൈനികരെയും ചൈനീസ് ഭാഷയായ മണ്ടാരിന്‍ പഠിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗങ്ങളും ചൈനീസ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള ആശയ വിനിമയം കൂടുതല്‍ സുഗമമാക്കുവാനാണ് ഭാഷ പഠിക്കാനാവശ്യപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മണ്ടാരിന്‍ ഭാഷയിലുള്ള അടിസ്ഥാന പ്രാവീണ്യം ജവാന്‍മാരില്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം.
''ഐടിബിപിയുടെ മസൂറി അക്കാദമിയില്‍ മണ്ടാരിന്‍ ഭാഷ പഠിപ്പിക്കുന്നതിനായി പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. 150 ഓളം സൈനികര്‍ മണ്ടാരിന്‍ പഠിച്ചു കഴിഞ്ഞു.'' അദ്ദേഹം പറഞ്ഞു. നിലവില്‍ 90,000 ഐടിബിപി ഉദ്യോഗസ്ഥരാണ് ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലുള്ളത്. ഇവരില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് മണ്ടാരിന്‍ ഭാഷ അറിയുന്നത്.
ഡല്‍ഹിയില്‍ പാരാമിലിട്ടറി സൈനികരുടെ പ്രത്യേക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ ധാരണയായതായും രാജ്‌നാഥ് സിങ് പറഞ്ഞു. അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലെ അതിര്‍ത്തി സൈനിക പോസ്റ്റുകളെ ബന്ധിപ്പിക്കുന്ന 25 റോഡുകളുടെ പണി പുരോഗമിക്കുകയാണ്.