എന്‍ഐഎ നമോ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയായി മാറിയെന്ന് കോണ്‍ഗ്രസ്
മാലേഗാവ് സ്‌ഫോടനക്കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തിനെതിരെ കോണ്‍ഗ്രസ്.
മാലേഗാവ് സ്‌ഫോടനക്കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തിനെതിരെ കോണ്‍ഗ്രസ്. പുതിയ കുറ്റപത്രം ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ചോദ്യം ചെയ്യുന്നതാണ്. കേസ് അന്വേഷണം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാവണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
എന്‍ഐഎ ഇപ്പോള്‍ നമോ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയായി മാറിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ വിമര്‍ശിച്ചു. ഹേമന്ദ് കാര്‍ക്കരെയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലെ കണ്ടെത്തലുകള്‍ തള്ളി കേസ് അട്ടിമറിക്കാനാണ് എന്‍ഐഎ ശ്രമിക്കുന്നത്. പ്രതികള്‍ക്കെതിരെ ചുമത്തിയ മക്കോക്ക എടുത്തുകളഞ്ഞത് ഇതിന് തെളിവാണ്. എന്‍ഐഎ കര്‍ക്കരെയുടെ ത്യാഗത്തെ തള്ളിപ്പറഞ്ഞെന്നും ആനന്ദ് ശര്‍മ വിമര്‍ശിച്ചു.
നരേന്ദ്ര മോദി തന്നെ ഇടപെട്ട് അന്വേഷണം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
എന്‍ഐഎക്കെതിരെ ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്.