നോട്ട് അസാധുവാക്കല്‍; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം
ആദായനികുതി നിയമഭേദഗതി ബില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ പാസ്സാക്കി.
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായ പത്താം ദിവസവും പ്രക്ഷുബ്ധമായി. ലോക്സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റിലി ലോക്സഭയില്‍ വെച്ച ആദായനികുതി നിയമഭേദഗതി ബില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ പാസ്സാക്കി.
ഇരു സഭകളിലും നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഹത്തെത്തി. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ചര്‍ച്ച പുനരാരംഭിക്കണമെന്നും പ്രധാനമന്ത്രി സഭയിലെത്തണമെന്നും പ്രതിപക്ഷം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ചര്‍ച്ച പുനരാരംഭിക്കാമെന്നും പ്രധാനമന്ത്രി സഭയിലെത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും ചെയര്‍ അറിയിച്ചു. ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സഭ സ്തംഭിപ്പിച്ചു. മൂന്നുതണ തടസ്സപ്പെട്ട സഭ അടുത്ത ദിവസം വരെ പിരിഞ്ഞു. ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതിയാവശ്യപ്പെട്ടും പ്രധാനമന്ത്രി സഭയിലെത്തണമെന്ന ആവശ്യമുന്നയിച്ചും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. രാവിലെ മൂന്നുതവണയും ഉച്ച കഴിഞ്ഞ് രണ്ടുതവണയുമാണ് സഭാ നടപടികള്‍ നിര്‍ത്തിവെച്ചത്.
ഉച്ചകഴിഞ്ഞ് ആദായനികുതി നിയമഭേദഗതി ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ പ്രതിപക്ഷം നിരവധി ഭേദഗതികളും ക്രമപ്രശ്നങ്ങളും ഉന്നയിച്ചു. രാഷ്ര്പതിയുടെ അനുമതിയോടെ കൊണ്ടുവരേണ്ട ബില്‍ ഒരു ചട്ടങ്ങളും പാലിക്കാതെയാണ് കൊണ്ടു വന്നതെന്നും ഇത് ജനദ്രോഹ ബില്ലാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ വാദങ്ങള്‍ തള്ളി ബില്‍ ചര്‍ച്ചയെക്കടുത്തതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളും ബഹളവുമായി എഴുന്നേറ്റു. ശക്തമായ ബഹളത്തിനിടെയാണ് അരുണ്‍ ജെയ്റ്റിലി ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാവാത്തതിനാലും ഇന്ന് തന്നെ പാസ്സാക്കേണ്ട അടിയന്തര പ്രാധാന്യമുള്ള ബില്ലായതിനാലും ചര്‍ച്ചയില്ലാതെ വോട്ടിനിടുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.
സഭയില്‍ ബഹളമുള്ളപ്പോള്‍ ചട്ടമനുസരിച്ച് വോട്ടെടുപ്പ് നടത്തുന്ന പതിവില്ലെങ്കിലും ശക്തമായ പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദ വോട്ടോടെ ബില്‍ പാസ്സായതായി പ്രഖ്യാപിച്ച് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു.