തൃണമൂലിനെതിരായ കോണ്‍ഗ്രസ് സഖ്യം വിജയിക്കുമോ എന്ന ആശങ്കയില്‍ സിപിഎം ബംഗാള്‍ ഘടകം
പശ്ചിമബംഗാളില്‍ സിപിഎം ശക്തമായി തിരിച്ചെത്തിയാല്‍ അത് യെച്ചൂരി എന്ന ജനറല്‍ സെക്രട്ടറിക്ക് കൂടിയുള്ള അംഗീകാരമാകും. അല്ലെങ്കില്‍ കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ കേന്ദ്രകമ്മറ്റിയിലും പൊളിറ്റ് ബ്യൂറോയിലും വലിയ വിമര്‍ശനങ്ങള്‍ നേരിടും
നാളെ പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ സിപിഎം ബംഗാള്‍ ഘടകത്തിനൊപ്പം കേന്ദ്രനേതൃത്വത്തിന്റെയും ചങ്കിടിപ്പ് വര്‍ധിപ്പിക്കും. പശ്ചിമബംഗാളില്‍ സിപിഎം ശക്തമായി തിരിച്ചെത്തിയാല്‍ അത് യെച്ചൂരി എന്ന ജനറല്‍ സെക്രട്ടറിക്ക് കൂടിയുള്ള അംഗീകാരമാകും. അല്ലെങ്കില്‍ കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ കേന്ദ്രകമ്മറ്റിയിലും പൊളിറ്റ് ബ്യൂറോയിലും വലിയ വിമര്‍ശനങ്ങള്‍ നേരിടും
ബംഗാളില്‍ ഇത്തവണ അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്ന് തന്നെയാണ് സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇടതു പക്ഷത്തിന് ഒറ്റക്ക് നൂറില്‍ മുകളിലും കോണ്‍ഗ്രസിന് ഇരുപത്തിയഞ്ചിന് അടുത്തും സീറ്റ് ലഭിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. സംസ്ഥാനനേതൃത്വത്തിനൊപ്പം കേന്ദ്രനേതൃത്വത്തിനും തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. തൃണമൂലിനെതിരെ കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യം വിജയിച്ചാല്‍ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ യെച്ചൂരി വീണ്ടും ശക്തനാകും. മമത ബാനര്‍ജി ഭരണത്തിന് അറുതി വരുത്താനായില്ലെങ്കിലും കഴിഞ്ഞ തവണ നേടിയ സീറ്റിന്റെ ഇരട്ടിയോളം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ യെച്ചൂരിയുടെ തന്ത്രങ്ങള്‍ക്കുള്ള വിജയമായി വിലയിരുത്തപ്പെടും. മമത ബാനര്‍ജി സര്‍ക്കാരിന്റെ അഴിമതിയും അക്രമങ്ങളും ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇത് വോട്ടായി മാറിമെന്നുമാണ് സിപിഎം വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ ഇടത് കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമാതും കഴിഞ്ഞ തവണ മമതക്കൊപ്പം നിന്ന തീവ്രഇടത് വോട്ടുകള്‍ ഇത്തവണ പോള്‍ ചെയ്യപ്പെടാത്തതും തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മമതക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ബിജെപി ഇതര കക്ഷികള്‍ക്ക് ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ ശ്രമവും സിപിഎം നടത്തും.