ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ കാണും
എന്‍ഐഎ, സിബിഐ ഉദ്യോഗസ്ഥരല്ലാത്തവരെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യപ്പെടുക.
ജഡ്ജി ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിച്ചേക്കും. രാഷ്ട്രപതിക്കുള്ള നിവേദനത്തില്‍ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഒപ്പുവെച്ചതായാണ് സൂചന. മരണം സിബിഐയുടേയോ എന്‍ഐഎയുടെയോ ഉദ്യോഗസ്ഥരല്ലാത്തവരെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതി ആയിരുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സിബിഐ ജഡ്ജി ഹര്‍കിഷന്‍ ലോയ ദുരൂഹമായി മരിച്ചത് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന ആവശ്യം കോണ്‍ഗ്രസ് ഇതിനകം ശക്തമാക്കിയിട്ടുണ്ട്. സിബിഐയുടേയോ എന്‍ഐഎയുടെയോ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താതെ രൂപീകരിച്ച സംഘം സുപ്രീം കോടതി മേല്‍നോട്ടത്തില്‍ ആയിരിക്കണം കേസ് അന്വേഷിക്കേണ്ടത് എന്ന നിലപാടാണ് കോണ്‍ഗ്രസ്സിനുള്ളത്.
ജഡ്ജിയുടെ മരണത്തിലെ ദുരൂഹത വെളിപ്പെടുത്തുന്ന കൂടുതല്‍ വിശദാംശങ്ങളും പാര്‍ട്ടി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ സമീപിക്കാനുള്ള നീക്കം നടത്തുന്നത്. പ്രതിപക്ഷ നേതാക്കള്‍ കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദിന് സമര്‍പ്പിക്കാനായി മൂന്ന് പേജുള്ള നിവേദനം തയ്യാറാക്കിയെന്നുമാണ് വിവരം. ലോയയുടെ മരണത്തിലെ ദൂരൂഹത സംബന്ധിച്ച വിശദാംശങ്ങളും രാഷ്ട്പതിക്കുള്ള നിവേദനത്തിലുണ്ടാകും. ജഡ്ജി ലോയയുടെ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രതിപക്ഷത്തിന്‍റെ നീക്കങ്ങള്‍.