പത്താന്‍കോട്ട് ഭീകരാക്രമണം: നാല് ഭീകരരുടെ വിവരങ്ങള്‍ എന്‍ഐഎ പാക് സംഘത്തിന് കൈമാറി
പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയ നാല് ഭീകരരുടെ പേര് വിവരങ്ങള്‍ എന്‍ഐഎ പാക് അന്വേഷണസംഘത്തിന് കൈമാറി
പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയ നാല് ഭീകരരുടെ പേര് വിവരങ്ങള്‍ എന്‍ഐഎ പാക് അന്വേഷണ സംഘത്തിന് കൈമാറി. നാസര്‍ ഹുസൈന്‍, ഹാഫിസ് അബ്ദുല്‍ ബക്കര്‍, ഉമര്‍ഫാറൂഖ്, അബ്ദുല്‍ ഖയ്യാം എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് എന്‍ഐഎ സംഘം കൈമാറിയത്. പാക് സംയുക്ത അന്വേഷണ സംഘം ഇന്ന് സാക്ഷികളുടെ മൊഴിയെടുക്കും.
പത്താന്‍കോട്ട് തീവ്രവാദ ആക്രമണ കേസ് അന്വേഷിക്കാന്‍ ഇന്ത്യയിലെത്തിയ പാക് അന്വേഷണസംഘം ഇന്നും നാളെയുമായി സാക്ഷികളുടെ മൊഴിയെടുക്കും. ഇന്നലെ എന്‍ഐഎ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ പാക് അന്വേഷണ സംഘം എന്‍ഐഎ അന്വേഷണ റിപ്പോര്‍ട്ട് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് എന്‍ഐഎ സംഘം സാക്ഷികളുടെ പട്ടികയും മറ്റ് തെളിവുകളും പാക് സംഘത്തിന് കൈമാറിയിരുന്നു. പഞ്ചാബ് പൊലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥരുടെയടക്കം മൊഴി പാക് സംഘം രേഖപ്പെടുത്തും. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഗുരുദാസ്‍പൂര്‍ മുന്‍ എസ്‍പി സല്‍വീന്ദര്‍ സിങിനെയും സുഹൃത്ത് രാജേഷ് വര്‍മയെയും ചോദ്യം ചെയ്യും. ഇവരുടെ ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളടക്കം എന്‍ഐഎ ഇന്നലെ അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.
കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ചിലരെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും പാക് സംഘം അറിയിച്ചതായി എന്‍ഐഎ മേധാവി വ്യക്തമാക്കി. ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ജയ്ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെയും സഹോദരന്‍ അബ്ദുല്‍ റഊഫിന്റെയും ശബ്ദസാമ്പിള്‍ നല്‍കണമെന്നും ഇവരെ ചോദ്യം ചെയ്യാനുള്ള അവസരം ഉണ്ടാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ രണ്ടിനാണ് പാക് സംഘം മടങ്ങുക.