ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയയാളെ നാട്ടുകാര്‍ മര്‍ദ്ദിച്ചു കൊന്നു
ഉത്തര്‍പ്രദേശ്, അലിഗഡ് ജില്ലയിലെ ഭീംകാംപൂര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്
ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിക്ക് നാട്ടുകാര്‍ ശിക്ഷ വിധിച്ചു. നിയമ നടപടികള്‍ക്ക് കാത്തുനില്‍ക്കാതെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു.
ഉത്തര്‍പ്രദേശ്, അലിഗഡ് ജില്ലയിലെ ഭീംകാംപൂര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. മരിച്ച പെണ്‍കുട്ടിയുടെ പിതാവ് നടത്തുന്ന ഷോപ്പിലെ ജീവനക്കാരനാണ് ബലാത്സംഗത്തിനിരയാക്കിയത്. ഒരു മാസം മുന്‍പ് ഇയാളെ ജോലിയില്‍ നിന്നും പറഞ്ഞു വിട്ടിരുന്നു. അതിന് ശേഷം ഇയാളെ ഗ്രാമത്തില്‍ ആരും കണ്ടിരുന്നില്ല. കഴിഞ്ഞ ദിവസം ഗ്രാമത്തിലെത്തിയ പ്രതി പെണ്‍കുട്ടിയെ വശീകരിച്ച് തൊട്ടടുത്തുള്ള ഒരു ഫാമിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. തുടര്‍ന്ന് കൊലപ്പെടുത്തുകയും ചെയ്തു.
പെണ്‍കുട്ടിയെ കാണാത്തത് മൂലം മാതാപിതാക്കള്‍ നടത്തിയ തിരച്ചിലില്‍ മകളുടെ മൃതദേഹമാണ് കണ്ടെടുത്തത്. മൃതദേഹത്തിന് സമീപം പ്രതിയും ഇരിക്കുന്നുണ്ടായിരുന്നു. രോഷാകുലരായ നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ചവശനാക്കി. പൊലീസെത്തി ഉടന്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം മരിക്കുകയും ചെയ്തു. ഇയാള്‍ മദ്യപിച്ചിരുന്നതായി അലിഗഡ് പൊലീസ് സൂപ്രണ്ട് രാജേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു.