ഇന്ത്യന്‍ ചാനലുകള്‍ പാകിസ്താന്‍ പൂര്‍ണമായി നിരോധിച്ചു

Update: 2018-04-20 14:28 GMT
Editor : Sithara
ഇന്ത്യന്‍ ചാനലുകള്‍ പാകിസ്താന്‍ പൂര്‍ണമായി നിരോധിച്ചു
Advertising

ഉത്തരവ് ലംഘിക്കുന്നവരുടെ ലൈസന്‍സുകള്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ റദ്ദാക്കുമെന്ന് പാക് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളുടെയും റേഡിയോകളുടെയും സംപ്രേഷണം പാകിസ്താന്‍ പൂര്‍ണമായി നിരോധിച്ചു. നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഉത്തരവ് ലംഘിക്കുന്നവരുടെ ലൈസന്‍സുകള്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ റദ്ദാക്കുമെന്ന് പാക് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

കശ്മീര്‍ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സാറ്റലൈറ്റ് ടെലിവിഷന്‍ ഉപകരണങ്ങളുടെ അനധികൃത വില്‍പന തടയാനുള്ള നടപടികള്‍ പാകിസ്താന്‍ നേരത്തെ തന്നെ നടപടികള്‍ സ്വീകരിച്ചിരുന്നു. പുതിയ ഉത്തരവിലൂടെ റോഡിയോയിലൂടെയും ടെലിവിഷനിലൂടെയും ഇന്ത്യ അനുകൂല ഉള്ളടക്കങ്ങളുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത് പൂര്‍ണമായി നിരോധിച്ചു. പാക് താരങ്ങള്‍ക്കും കലാകാരന്മാര്‍ക്കും ഇന്ത്യയില്‍ സിനിമാരംഗത്ത് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിവിധ ബോളിവുഡ് ഗ്രൂപ്പുകളുടെ നീക്കങ്ങള്‍ക്ക് പിറകെയാണ് പാകിസ്താന്റെ നടപടി.

ബോളിവുഡ് സിനിമകള്‍ കാണിക്കുന്നത് പാക് സിനിമാ തിയ്യേറ്ററുകളില്‍ ഇതിനകം തന്നെ നിര്‍ത്തിവെച്ചിട്ടുണ്ട്. റേഡിയോകള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും ഏര്‍പ്പെടുത്തുന്ന സമ്പൂര്‍ണ വിലക്ക് ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പാക് ഇലക്ട്രോണിക് മാധ്യമ നിയന്ത്രണ അതോറിറ്റി വക്താവ് മുഹമ്മദ് താഹിര്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News