കാണാതായ ജെഎന്‍യു വിദ്യാര്‍ഥിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല; മാതാപിതാക്കള്‍ സമരത്തില്‍
എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയാകുകയും പിന്നീട് കാണാതാവുകയും ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി നജീബിനെക്കുറിച്ച് നാല് ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിച്ചില്ല
എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയാകുകയും പിന്നീട് കാണാതാവുകയും ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി നജീബിനെക്കുറിച്ച് നാല് ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിച്ചില്ല. നജീബിനെ തിരികെ ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹോസ്റ്റലിന് മുന്നില്‍ സമരം തുടരുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നജീബും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. അതിനെ തുടര്‍ന്ന് പതിനഞ്ചോളം വരുന്ന എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ റൂമിലെത്തി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ മുതലാണ് നജീബിനെ കാണാതായത്. മകനെ തട്ടിക്കൊണ്ടു പോയതായി കാണിച്ച് നജീബിന്റെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കാര്യമായ അന്വേഷണം നടന്നില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. നജീബിനെ മര്‍ദിച്ചവരുടെ പേര് വിവരങ്ങള്‍ നല്‍കിയെങ്കിലും പൊലീസ് ഇവരെ ചോദ്യം ചെയ്യാന്‍ പോലും തയ്യാറായിട്ടില്ല. പൊലീസും സര്‍വകലാശാല അധികൃതരും എബിവിപി പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. നജീബിനെ കണ്ടുപിടിച്ച് തരണമെന്നാവശ്യപ്പെട്ട് നജീബിന്റെ ബന്ധുക്കള്‍ ഹോസ്റ്റലിന് മുന്നില്‍ സമരം ആരംഭിച്ചിട്ടുണ്ട്.
മുസ്ലിങ്ങളെല്ലാം തീവ്രവാദികളാണെന്ന് ആരോപിച്ച് എബിവിപി വ്യാപകമായ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. നജീബിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല യൂണിയന്റെ നേതൃത്വത്തില്‍ വ്യാപകമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്.