ജഡ്ജി നിയമനത്തിന് നീറ്റ് മാതൃകയില്‍ ഏകീകൃത പൊതുപരീക്ഷ

Update: 2018-04-23 13:00 GMT
ജഡ്ജി നിയമനത്തിന് നീറ്റ് മാതൃകയില്‍ ഏകീകൃത പൊതുപരീക്ഷ
Advertising

വിഷയത്തില്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും സുപ്രീംകോടതി നിര്‍ദേശങ്ങള്‍ തേടി

ജില്ലാ ജഡ്ജിമാരുടേയും മജിസ്ട്രേറ്റുമാരുടേയും നിയമനത്തിന് നീറ്റ് മാതൃകയില്‍ ഏകീകൃത പൊതുപരീക്ഷ നടപ്പാക്കുന്നത് പരിഗണിക്കാന്‍ തത്വത്തില്‍ സുപ്രീം കോടതി തീരുമാനിച്ചു. ഇക്കാര്യത്തില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടി. സ്വജനപക്ഷപാതിത്വവും ബന്ധുനിയമനവും തടയാന്‍ ഇത് സഹായകമാകുമെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തല്‍.

ജഡ്ജിമാരുടെ നിയമനത്തില്‍ സ്വജനപക്ഷപാതവും ബന്ധുനിയമനവും ഇല്ലാതാക്കാന്‍ ഏകജാലകസംവിധാനം കൊണ്ടുവരുന്നത് പരിഗണിക്കണമെന്നുള്ള കേന്ദ്രസര്‍ക്കാറിന്‍റെ കത്ത് സ്വമേധയ ഹര്‍ജിയായി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി. നീറ്റ് മാതൃകയില്‍ ഏകീകൃത പൊതുപരീക്ഷ കേന്ദ്ര ഏജന്‍സിയുടെ കീഴില്‍ നടത്തുന്നത് പരിഗണിക്കാനാണ് ഇപ്പോള്‍ തത്വത്തില്‍ സുപ്രീംകോടതി തീരുമാനിച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണപ്രദേശങ്ങളുടേയും നിര്‍ദേശങ്ങള്‍ കോടതി ആരാഞ്ഞു. തിരഞ്ഞെടുപ്പിന് കേന്ദ്രീകൃത സംവിധാനമാണെങ്കിലും നിയമനം നടത്തേണ്ടത് സംസ്ഥാനങ്ങളാണ്.

നിയമനങ്ങള്‍ക്കായി ആള്‍ ഇന്ത്യ ജുഡീഷ്യല്‍ സര്‍വ്വീസസിന് നിയമകമ്മീഷനുകളടക്കം നിര്‍ദേശിച്ചിരുന്നുവെങ്കിലും സംസ്ഥാനങ്ങളുടേയും ഹൈക്കോടതികളുടേയും എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പിലായില്ല. 2016 ജൂണ്‍ വരെ രാജ്യത്തെ 21,320 കീഴ് കോടതികളില്‍ 4937ജഡ്ജിമാരുടെ ഒഴിവുകളുണ്ട്. 2.8 കോടി കേസുകള്‍ കീഴ് കോടതികളില്‍ കെട്ടികിടക്കുകയും ചെയ്യുന്നു. ജൂലൈ 10 ന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോഴേക്കും നിര്‍ദേശങ്ങള്‍ അറിയിക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Tags:    

Similar News