പിഎന്‍ബി തട്ടിപ്പ്: ഹോങ്കോങിലെ ബാങ്കുകള്‍ക്ക് ധനകാര്യ മന്ത്രാലയം കത്തയച്ചു
തട്ടിപ്പ് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ തയ്യാറാക്കാനും സമാനമായ മറ്റ് വായ്പകള്‍ പരിശോധിക്കാനും ധനമന്ത്രാലയം ബാങ്കുകളോട് നിര്‍ദേശിച്ചു.
പിഎന്‍ബി തട്ടിപ്പ് കേസില്‍ പെട്ട ഹോങ്കോങിലെ ബാങ്കുകള്‍ക്ക് ധനകാര്യ മന്ത്രാലയം കത്തയച്ചു. തട്ടിപ്പ് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ തയ്യാറാക്കാനും സമാനമായ മറ്റ് വായ്പകള്‍ പരിശോധിക്കാനും ധനമന്ത്രാലയം ബാങ്കുകളോട് നിര്‍ദേശിച്ചു. അതിനിടെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നീരവിന് നോട്ടീസ് അയച്ചു.
ആക്സിസ് ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ എന്നിവയുടെ ഹോങ്കോങിലെ നാല് ശാഖകളില്‍ നിന്നായാണ് നീരവ് മോദി അനധികൃത ജാമ്യപത്രങ്ങള്‍ സമര്‍പ്പിച്ച് കോടികള്‍ വായ്പയെടുത്തത്. ഇതിനെ തുടര്‍ന്നാണ് വായ്പ തട്ടിപ്പിന്‍റെ കൃത്യമായ കണക്കുകള്‍ തയ്യാറാക്കാനാവശ്യപ്പെട്ട് ഈ ബാങ്ക് ശാഖകള്‍ക്ക് ധനമന്ത്രാലയം കത്തയച്ചത്. ജാമ്യപത്രങ്ങളുടെ അടിസ്ഥാനത്തില്‍ അനുവദിച്ച മറ്റ് വായ്പകള്‍ സംബന്ധിച്ച് പരിശോധന നടത്തണം. ജാമ്യപത്രങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന വായ്പകള്‍ക്ക് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനും ധനമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും വീണ്ടും നോട്ടീസ് അയച്ചു. ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ നോട്ടീസ് അയച്ചെങ്കിലും ഇരുവരും പ്രതികരിച്ചില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡ് തുടരുകയാണ്. റെയ്ഡിനിടെ വിദേശ നിര്‍മിത വാച്ചുകളുടെ ശേഖരമടക്കമുള്ളവ പിടിച്ചെടുത്തു. നീരവിന്‍റെ വിവിധ നിക്ഷേപങ്ങളും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിട്ടുണ്ട്.