Writer - ടി. വർഗീസ്
Former Excise Officer
നവംബര്‍ എട്ടിന് രാത്രി എട്ടു മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് ആ പ്രഖ്യാപനം നടത്തിയത്.
നവംബര്‍ എട്ടിന് രാത്രി എട്ടു മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് ആ പ്രഖ്യാപനം നടത്തിയത്. അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാകും. പഴയ നോട്ടുകള്‍ ബാങ്കുകളും പോസ്റ്റ്ഓഫീസുകളും വഴി മാറ്റിയെടുക്കാം. ഈ അപ്രതീക്ഷിത പ്രഖ്യാപനത്തിന് കാരണമായി മോദി അന്ന് പറഞ്ഞത്, കള്ളനോട്ടിന്റെ ഒഴുക്കും കള്ളപ്പണത്തിന്റെ വ്യാപ്തിയും തടയുകയെന്നതായിരുന്നു. സാമ്പത്തിക തീവ്രവാദം ഉന്മൂലനം ചെയ്യുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. ഈ നീക്കം വലിയ പ്രതിസന്ധിയാണ് ജനങ്ങള്‍ക്കുണ്ടാക്കിയത്. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം ബാങ്ക് നിക്ഷേപത്തില്‍ നിന്ന് പിന്‍വലിക്കാനോ കൈവശമുള്ള പണം മാറ്റിയെടുക്കാനോ ദിവസങ്ങളും ആഴ്ചകളും പണിപ്പെടേണ്ട അവസ്ഥ.
കള്ളപ്പണം തടയാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും ബുദ്ധിമുട്ടുകള്‍ കുറച്ചൊക്കെ സഹിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. ദിവസങ്ങള്‍ കഴിഞ്ഞതോടെ ബുദ്ധിമുട്ടുകള്‍ കൂടിവന്നതല്ലാതെ കുറഞ്ഞില്ല. ഒടുവില്‍ ജനങ്ങള്‍ക്ക് തന്റെ സര്‍ക്കാരിന്റെ തീരുമാനം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് മോദി സമ്മതിച്ചു. ഇതിനിടെയാണ് അതുവരെ മൌനം പാലിച്ചിരുന്ന ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മൌനം വെടിഞ്ഞത്. ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആണയിട്ട ഗവര്‍ണര്‍, പക്ഷേ പറഞ്ഞുവെച്ചത് ഡിജിറ്റല്‍ പണം ജനങ്ങള്‍ ഉപയോഗിച്ച് തുടങ്ങണമെന്ന സന്ദേശമായിരുന്നു. കോടിക്കണക്കിന് നിരക്ഷരരും പട്ടിണിപ്പാവങ്ങളും വസിക്കുന്ന ഇന്ത്യയിലെ ജനങ്ങളോടാണ് ഡിജിറ്റല്‍ പണത്തിന്റെ ഗുണങ്ങള്‍ ഗവര്‍ണര്‍ മെട്രോവാസികളോടെന്ന പോലെ പങ്കുവെച്ചത്.
ഇതിനു ആധാരമായത് ഇന്നലെ മോദിയുടെ മന്‍കി ബാത്ത് പ്രസംഗമാണെന്ന് പറയാം. കാരണം ഇന്നലെ മോദിയുടെ പ്രസംഗത്തില്‍ കള്ളപ്പണവും കള്ളനോട്ടുമായിരുന്നില്ല വിഷയം, മറിച്ച് കാഷ്‍ലെസ് ഇക്കണോമി അഥവ കറന്‍സി രഹിത സമ്പദ് ഘടനയെന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കമായിരുന്നു. നോട്ട് നിരോധത്തെ ന്യായീകരിക്കുന്നതിന് ഉയര്‍ത്തിപ്പിടിച്ച കള്ളനോട്ടും കള്ളപ്പണവും എന്ന കാരണങ്ങളില്‍ നിന്ന് കറന്‍സി രഹിത സമ്പദ് ഘടനയെന്ന ഡിജിറ്റല്‍ പണത്തിന്റെ ലോകത്തേക്കുള്ള മോദിയുടെ ആഖ്യാനവ്യതിചലനമായിരുന്നു മന്‍കി ബാത്ത് പ്രസംഗം. നോട്ടില്ലാത്ത സമൂഹമാണ് നമ്മുടെ സ്വപ്നം. കറന്‍സി രഹിത സമ്പദ് ഘടനയെന്നത് ഒറ്റയടിക്ക് നടപ്പാക്കാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. എന്നാല്‍ കറന്‍സി ഉപയോഗം കുറച്ചു കൊണ്ടുവരിയും പിന്നിട് പൂര്‍ണ അര്‍ഥത്തില്‍ ഡിജിറ്റല്‍ പണത്തിന്റെ ലോകം കെട്ടിപ്പടുക്കുകയും ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.- മോദി പറഞ്ഞു. കള്ളപ്പണത്തേക്കുറിച്ച് ചെറുതായി പരാമര്‍ശിച്ചെങ്കിലും പ്രസംഗത്തിന്റെ മര്‍മം നോട്ട് രഹിത സമ്പദ് വ്യവസ്ഥിതി തന്നെയായിരുന്നു. ഡെബിറ്റ് കാര്‍ഡുകളും ഡിജിറ്റല്‍ വാലറ്റുകളും ജനങ്ങള്‍ ഉപയോഗിച്ച് തുടങ്ങണമെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ വികസനത്തിനും നന്മയ്ക്കും ഡിജിറ്റല്‍ പണമിടപാടുകള്‍ സഹായിക്കും. സുരക്ഷിതവും ലളിതവുമാണ് ഈ ഇടപാടുകള്‍. വികസിത രാജ്യങ്ങളുടെ പാത നമ്മള്‍ പിന്തുടരണമെന്നും മോദി പറഞ്ഞു.
ഇതിനു പിന്നാലെ ആയിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ കറന്‍സി രഹിത പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശം വന്നതും. മോദിയുടെയും ഉര്‍ജിത് പട്ടേലിന്റെയും സംഭാഷണത്തിന്റെ കാതല്‍ കറന്‍സി രഹിത സമൂഹത്തിലേക്കുള്ള പരിണാമം തന്നെയായിരുന്നു. എന്നാല്‍ ഇത് എത്രകാലം കൊണ്ട് ഇന്ത്യയുടെ മണ്ണില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നതാണ് ചോദ്യം. സ്വന്തം പേരെഴുതാന്‍ പോലും കഴിയാത്ത, ഡിജിറ്റല്‍ വിദ്യാഭ്യാസമില്ലാത്ത, സ്വന്തമായി വീടോ അല്ലെങ്കില്‍ വീട്ടില്‍ കക്കൂസ് പോലുമില്ലാത്ത ഒരു സമൂഹം ഇന്ത്യയിലുണ്ടെന്ന വസ്തുത നിലനില്‍ക്കുന്നിടത്തോളം കറന്‍സി രഹിത സമ്പദ് വ്യവസ്ഥ എന്ന ആശയം സ്വപ്നമായി തന്നെ അവശേഷിക്കും. ഡിജിറ്റല്‍ പണമെന്ന ആശയം രാജ്യത്തിന് ഗുണമാകരമാകുമെങ്കിലും നോട്ട് നിരോധം പ്രഖ്യാപിച്ച അന്ന് മോദി നടത്തിയ പ്രസംഗത്തില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കിയേക്കാവുന്ന ഇതൊന്നും പരാമര്‍ശിച്ചിരുന്നില്ല. അന്ന് കള്ളനോട്ടും കള്ളപ്പണവുമുണ്ടാകുന്ന അട്ടിമറികളും തീവ്രവാദവും ആയുധ, മയക്കുമരുന്ന് കള്ളക്കടത്തുമൊക്കെയാണ് മുഴച്ചുനിന്നത്. കള്ളപ്പണം തടയാന്‍ രൂപയുടെ ഉയര്‍ന്ന മൂല്യങ്ങളായ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുകയാണ് ഏറ്റവും മികച്ച വഴിയെന്നും മോദി പറഞ്ഞുവെച്ചു. നോട്ട് നിരോധത്തിന്റെ ഗുണങ്ങളെല്ലാം വിശദമാക്കിയെങ്കിലും മോദി മനസില്‍ കണ്ട കറന്‍സി രഹിത സമൂഹത്തെ കുറിച്ച് കാര്യമായൊന്നും അന്ന് പറഞ്ഞുകേട്ടില്ല.
നോട്ട് നിരോധം മൂന്നാഴ്ച പിന്നിടുമ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാക്കി ജനങ്ങള്‍ക്കു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍. മെട്രോ നഗരങ്ങള്‍ക്ക് അപ്പുറം ഇന്ത്യയില്‍ ഒരു ജനവിഭാഗം ജീവിക്കുന്നുണ്ടെന്ന വസ്തുത സൌകര്യപൂര്‍വം മറന്നതാകാം ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഇടയാക്കിയത്. എന്നാല്‍ മെട്രോ നഗരങ്ങളിലും പ്രതിസന്ധിക്ക് വലിയ കുറവൊന്നുമില്ല. മുംബൈയിലെ അന്ധേരിയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നതും പണമുള്ളതും ഒരു എടിഎമ്മില്‍ മാത്രമാണത്രെ. ഇവിടെയാണെങ്കില്‍ മീറ്ററുകള്‍ നീളുന്ന നിരയും. പ്രശ്നത്തിന് ഉടന്‍ പരിഹാരമാകുമെന്നാണ് ആര്‍ബിഐ നല്‍കുന്ന ഉറപ്പെങ്കിലും പൂര്‍വസ്ഥിതിയിലേക്ക് എത്താന്‍ മാസങ്ങള്‍ എടുക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നോട്ട് നിരോധം വിപണിയിലുണ്ടാക്കിയ ആഘാതം അടുത്തകാലത്തൊന്നും മറികടക്കാന്‍ കഴിയുകയുമില്ല. ഏതായാലും നോട്ടില്ലാത്ത ഒരു സമൂഹനിര്‍മ്മിതിക്കായി നിങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കാനാകുമെന്ന് പറഞ്ഞ മോദിയുടെ വാക്കുകള്‍ ഏത് കാലത്ത് ഫലത്തിലെത്തുമെന്ന് കാത്തിരുന്ന് കാണാം.