ജയലളിതയുടെ മൃതദേഹം സംസ്കരിച്ച അണ്ണാ സ്ക്വയറിലേക്ക് ജനപ്രവാഹം

Update: 2018-04-27 03:25 GMT
Editor : Sithara
ജയലളിതയുടെ മൃതദേഹം സംസ്കരിച്ച അണ്ണാ സ്ക്വയറിലേക്ക് ജനപ്രവാഹം
Advertising

ആയിരങ്ങളെ നിയന്ത്രിക്കാനാകാതെ കുഴങ്ങുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍

ജയലളിതയുടെ ഭൌതിക ശരീരമടക്കിയ അണ്ണാ സ്ക്വയറിലേക്ക് ജനം ഒഴുകുകയാണ് ഇപ്പോഴും. ഇവിടേക്കൊഴുകുന്ന ആയിരങ്ങളെ നിയന്ത്രിക്കാനാകാതെ കുഴങ്ങുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍. മൂന്ന് പേരാണ് ജയലളിതയെ കുറിച്ച വാര്‍ത്ത കേട്ട ഞെട്ടലില്‍ തമിഴ്‌നാട്ടില്‍ മരിച്ചത്‍. രണ്ട് പേര്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് അറിയിച്ചു.

തലൈവിക്ക് ജനമനസിലെ സ്വാധീനം തെളിയിക്കുന്നതായിരുന്നു മറീന ബീച്ചിലെ മനുഷ്യക്കടൽ. അമ്മയെ അവസാനമായി കാണാനെത്തിയ ജനസഞ്ചയത്തെ അടക്കി നിര്‍ത്താനായിരുന്നില്ല സുരക്ഷാ സേനക്ക്. ജയയെ അടക്കം ചെയ്ത അണ്ണാ സ്ക്വയറിലേക്ക് ഒഴുകുകയാണ് പതിനായിരങ്ങളിപ്പോഴും.

വിങ്ങിപ്പൊട്ടിയെത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെടുകയാണ് പൊലീസ്. പെട്ടിക്കടകള്‍ പോലും തുറന്നിട്ടില്ല ഇതുവരെ. കൂട്ടക്കരച്ചില്‍ തേങ്ങലായി നിലനില്‍ക്കുന്നു തമിഴകത്ത്. മരണവാര്‍ത്തയറിഞ്ഞ് കൊയമ്പത്തൂര്‍ എന്‍ജിഒ കോളനിയിലെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി പളനിയമ്മാള്‍, ഈറോഡ് സ്വദേശി രാജന്‍, കൊയമ്പത്തൂര്‍ സിംഗനല്ലൂര്‍ സ്വദേശി അജയ് എന്നിവര്‍ ഹൃ‍ദയസ്തംഭംനമുണ്ടായി മരിച്ചു. എഐഡിഎംകെ പ്രവര്‍ത്തകനായ രാമചന്ദ്രന്‍ എന്നയാള്‍ തീകൊളുത്തി ഗുരുതര പൊള്ളലോടെ ചികിത്സയിലാണ്. കുനിയമുത്തൂരില്‍ ആത്മഹത്യ ചെയ്യാനായി മൊബൈലില്‍ ടവറില്‍ കയറിയ യുവാവിനെ പൊലീസ് ബലമായി താഴെയിറക്കി.

എംജിആര്‍ അന്തരിച്ചപ്പോള്‍ 30 എഐഡിഎംകെ പ്രവര്‍ത്തകര്‍ ജീവനൊടുക്കിയിരുന്നു. എന്നാല്‍ താരതമ്യേന ആത്മനിയന്ത്രണത്തോടെയാണ് തമിഴ്മക്കള്‍ അമ്മയുടെ മരണത്തോട് പ്രതികരിച്ചത്. സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളിലെല്ലാം സുരക്ഷ തുടരുകയാണിപ്പോഴും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News