രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാങ്ക് അക്കൌണ്ടില്‍ പണം നിക്ഷേപിക്കാം; നികുതിയില്ല
കള്ളപ്പണക്കാരെ തുരത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധം മൂലം ജനം നെട്ടോട്ടമോടുകയാണ്.
കള്ളപ്പണക്കാരെ തുരത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധം മൂലം ജനം നെട്ടോട്ടമോടുകയാണ്. അധ്വാനിച്ചുണ്ടാക്കിയ പണം ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കാനും പിന്‍വലിക്കാനും മണിക്കൂറുകളോളം വരി നില്‍ക്കണം. പണം പിന്‍വലിക്കുന്നതാകട്ടെ റേഷന്‍ മാതൃകയില്‍. കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ട കള്ളപ്പണത്തിന്റെ കണക്കുകള്‍ ഡിസംബര്‍ തുടങ്ങിയപ്പോള്‍ തന്നെ തെറ്റുകയും ചെയ്തു. കള്ളപ്പണത്തില്‍ ഭൂരിഭാഗവും വെളുപ്പിച്ചു കഴിഞ്ഞുവെന്ന് ആര്‍ബിഐ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു.
ഇതിനിടെയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിന്റെ സ്രോതസുകള്‍ സംബന്ധിച്ച വിവാദം കത്തിപ്പടരുന്നത്. ഒടുവിലിതാ, രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൈവശമുള്ള പഴയ നോട്ടുകള്‍ ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കാമെന്ന് ധനകാര്യ സെക്രട്ടറി അശോക് ലവാസ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ നിക്ഷേപിക്കുന്ന പണത്തിന്റെ സ്രോതസും അറിയേണ്ട, നികുതിയും ചുമത്തില്ലെന്നാണ് ധനകാര്യ സെക്രട്ടറിയുടെ പ്രസ്താവന. അതായത് പഴയ നോട്ടുകള്‍ മാറ്റാനും നിക്ഷേപിക്കാനും പൊതുജനം അനുഭവിക്കുന്ന യാതൊരു ബുദ്ധിമുട്ടുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാകില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കുന്ന പണത്തിന് നികുതി ചുമത്തില്ലെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധ്യയും വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൌണ്ടില്‍ എത്ര പണം വേണമെങ്കിലും നിക്ഷേപിക്കാം, നികുതിയില്ലാതെ. എന്നാല്‍ ഇത് ഏതെങ്കിലും വ്യക്തികളുടെ പേരിലാണെങ്കില്‍ സ്രോതസ് കാണിക്കേണ്ടി വരും. 1961 ലെ ആദായനികുതി വകുപ്പിലെ 13 A എന്ന വകുപ്പ് അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്പാദ്യത്തിന് നികുതി ഇളവ് നല്‍കണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദേശം.