നീരവ് മോദിയുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ്; 5100 കോടിയുടെ ആഭരണങ്ങള്‍ കണ്ടെടുത്തു
കേസില്‍ നടിയും നീരവ് മോദിയുടെ വജ്രാഭരണങ്ങളുടെ മോഡലുമായ പ്രിയങ്ക ചോപ്രയേയും പ്രതി ചേര്‍ത്തേക്കുമെന്ന...
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ച കേസില്‍ നീരവ് മോദിയുടെ വീട്ടില്‍ നിന്ന് വന്‍ ആഭരണശേഖരം പിടികൂടി. 5100 കോടിയിലേറെ വിലമതിക്കുന്ന ആഭരണശേഖരമാണ് പിടികൂടിയത്. തട്ടിപ്പ് അറിഞ്ഞപ്പോള്‍ തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന് ബാങ്ക് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്തെ 17 ഇടങ്ങളിലായുള്ള നാരവ് മോദിയുടെ സ്ഥാപനങ്ങളിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സിബിഐയും റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ വന്‍ ആഭരണ ശേഖരണമാണ് കണ്ടെടുത്തത്. 5100 കോടി രൂപ വിലവരുന്ന സ്വര്‍ണം, വജ്രം, അമൂല്യരത്നങ്ങള്‍ എന്നിവ കണ്ടെടുത്തു. ഇതിനുപുറമെ 4 കോടിയോളം രൂപയുടെ ബാങ്ക് നിക്ഷേപത്തിന്റെ രേഖകളും കണ്ടെടുത്തു. നീരവ് മോദിയുടെ ബാങ്ക് അക്കൌണ്ടുകള്‍ അന്വേഷണ ഏജന്‍സികള്‍ മരവിപ്പിച്ചു. അതിനിടെ തട്ടിപ്പ് നടന്നപ്പോള്‍ തന്നെ അക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി പഞ്ചാബ് നാഷണല്‍ ബാങ്ക് എം ഡി സുനില്‍ മേത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ബാങ്കിന് ശേഷിയുണ്ടെന്ന് വായ്പ തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്വവും പിഎന്‍ബിക്കാണെന്ന റിസര്‍വ് ബാങ്കിന്‍റെ മുന്നറിയിപ്പിന് മറുപടിയായി സുനില്‍ മേത്ത വ്യക്തമാക്കി. അതിനിടെ കേസില്‍ നടിയും നീരവ് മോദിയുടെ വജ്രാഭരണങ്ങളുടെ മോഡലുമായ പ്രിയങ്ക ചോപ്രയേയും പ്രതി ചേര്‍ത്തേക്കുമെന്ന അഭ്യൂഹം ശക്തമായി. താരം നിയമോപദേശം തേടിയതായും സൂചനകളുണ്ട്.