നോട്ട് നിരോധം: പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം

Update: 2018-04-30 15:48 GMT
Editor : Sithara
നോട്ട് നിരോധം: പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം
Advertising

കള്ളപ്പണം വെളുപ്പിക്കാനുള്ള ആസൂത്രിത നടപടിയായിരുന്നു സര്‍ക്കാരിന്‍റേതെന്ന പ്രതിപക്ഷ വിമര്‍ശനം ശരിവെക്കുന്നതാണ് നോട്ട് നിരോധനത്തിന് ശേഷം തിരികെവന്ന പണത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്

കള്ളപ്പണം വെളുപ്പിക്കാനുള്ള ആസൂത്രിത നടപടിയായിരുന്നു സര്‍ക്കാരിന്‍റേതെന്ന പ്രതിപക്ഷ വിമര്‍ശനം ശരിവെക്കുന്നതാണ് നോട്ട് നിരോധനത്തിന് ശേഷം തിരികെവന്ന പണത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. നേട്ടമല്ല ദുരിതമാണ് നോട്ട് നിരോധനം ജനത്തിന് സമ്മാനിച്ചതെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

നവംബര്‍ 8ന് ആയിരത്തിന്‍റേയും അഞ്ഞൂറിന്‍റേയും നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി സാമ്പത്തിക പരിഷ്ക്കാരത്തിന് തുടക്കമിട്ടപ്പോള്‍ അവകാശപ്പെട്ടത് കള്ളപ്പണം തടയാനാണെന്നാണ്. പ്രചാരത്തിലിരുന്ന രൂപയുടെ 86 ശതമാനവും പിന്‍വലിച്ച് പ്രധാനമന്ത്രി നടപ്പിലാക്കിയത് സാമ്പത്തിക അടിയന്തരാവസ്ഥയാണെന്ന് അന്നേ പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ 4 ലക്ഷം കോടിയിലേറെ വരുന്ന കള്ളപ്പണം തിരികെവരില്ലെന്നും ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള ചവിട്ടുപടിയാണെന്നും ആവര്‍ത്തിച്ച സര്‍ക്കാരിന് പക്ഷെ റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.

നിരോധിച്ചതിലെ 99 ശതമാനം 1000 രൂപ നോട്ടുകളും തിരികെവന്നുകഴിഞ്ഞു. ഇനി നിരോധനത്തിന് ശേഷം സഹകരണബാങ്കുകളിലും നിക്ഷേപിച്ചതും നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പണം കൂടി തിരികെയെത്തുമ്പോള്‍ ഇത് 100 ശതമാനമാകുമെന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കാനുള്ള ആസൂത്രിതനീക്കമാണ് നടന്നതെന്നും ഇതിലൂടെ കള്ളപ്പണം നിയമവിധേയമാക്കി നല്‍കിയെന്നും സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

സാധാരണക്കാരന്‍റെ നികുതി പണം ഉപയോഗിച്ച് നോട്ട് നിരോധനത്തിനായി പരസ്യം ചെയ്ത പ്രധാനമന്ത്രി സത്യം അംഗീകരിച്ച് മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. പണത്തിനായി ക്യൂ നിന്ന് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുത്തനെ താഴെപോയതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തന്നെ താറുമാറാക്കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News