പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി ഭരണം തുടരും; അസമില്‍ ബി.ജെ.പി സഖ്യം: എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍

Update: 2018-04-30 03:08 GMT
Editor : admin
പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി ഭരണം തുടരും; അസമില്‍ ബി.ജെ.പി സഖ്യം: എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍
Advertising

തൃണമൂല്‍ കോണ്‍ഗ്രസ് 167 സീറ്റ് നേടുമ്പോള്‍. സിപിഎം -കോണ്‍ഗ്രസ് സഖ്യം 120 സീറ്റുകളിലൊതുങ്ങുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും അസമില്‍ ബി.ജെ.പി സഖ്യത്തിനും വിജയം പ്രഖ്യാപിച്ച് എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍. ബംഗാളില്‍ രണ്ട് സര്‍വേകള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വിജയവും കോണ്‍ഗ്രസ് ഇടത് സഖ്യത്തിന് മുന്നേറ്റവും പ്രവചിയ്ക്കുമ്പോള്‍ രണ്ട് സര്‍വേകള്‍ തൃണമൂലിന് മൃഗീയ ഭൂരിപക്ഷവും കോണ്‍ഗ്രസ് ഇടത് സഖ്യത്തിന് തിരിച്ചടിയും പ്രവചിയ്ക്കുന്നു. ആസാമില്‍ കോണ്‍ഗ്രസിന് വന്‍ പരാജയമാണ് എല്ലാ സര്‍വേകളും പ്രവചിക്കുന്നത്.

പശ്ചിമബംഗാളില്‍ നേരത്തെ തന്നെ ഉണ്ടായിരുന്ന രാഷ്ട്രീയ വിശകലനങ്ങളെ സാധൂകരിയ്ക്കുന്ന സര്‍വേഫലങ്ങളാണ് എ.ബി.പി ആനന്ദയും സീ വോട്ടറും പുറത്തു വിട്ടത്. തൃണമൂലിന് 178 സീറ്റും കോണ്‍ഗ്രസ് ഇടതു സഖ്യത്തിന് 110 സീറ്റും ബി.ജെ.പിയ്ക്ക് ഒരു സീറ്റും മറ്റുള്ളവര്‍ക്ക് 5 സീറ്റുമാണ് എ.ബി.പി ആനന്ദയുടെ പ്രവചനം. തൃണമൂലിന് 167 സീറ്റും കോണ്‍ഗ്രസ് ഇടതു സഖ്യത്തിന് 120 സീറ്റും ബി.ജെ.പിയ്ക്ക് 4 സീറ്റും മറ്റുള്ളവര്‍ക്ക് 3 സീറ്റും ലഭിയ്ക്കുമെന്ന് സീ വോട്ടര്‍ സര്‍വേ പറയുന്നു.

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് 233 മുതല്‍ 251 വരെ സീറ്റുകളോടെ മൃഗീയ ഭൂരിപക്ഷം നേടുമെന്നും കോണ്‍ഗ്രസ് ഇടതു സഖ്യം 38 മുതല്‍ 51 വരെ സീറ്റുകളിലേയ്ക്ക് ചുരുങ്ങുമെന്നും ബി.ജെ.പി 1 മുതല്‍ 5 വരെ സീറ്റുകളും മറ്റുള്ളവര്‍ 2 മുതല്‍ 5 വരെ സീറ്റുകളും നേടുമെന്നാണ് ആക്സിസ് മൈ ഇന്‍ഡ്യ സര്‍വേ പറയുന്നത്.

തൃണമൂലിന് 210 സീറ്റും കോണ്‍ഗ്രസ് ഇടതു സഖ്യത്തിന് 70 സീറ്റും ബി.ജെ.പിയ്ക്ക് 14 സീറ്റുമാണ് ചാണക്യ പ്രവചിയ്ക്കുന്നത്. ആസ്സാമില്‍ മൂന്ന് സര്‍വേകള്‍ ബി.ജെ.പി ഭൂരിപക്ഷം നേടുമെന്നും രണ്ട് സര്‍വേകള്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായുള്ള തൂക്കു സഭയും പ്രവചിയ്ക്കുന്നു.

ബി.ജെ.പി സഖ്യം 79 മുതല്‍ 93 സീറ്റുകള്‍ വരെ നേടുമെന്നും കോണ്‍ഗ്രസ് 26 മുതല്‍ 33 വരെ സീറ്റുകള്‍ നേടുമെന്നും എ.യു.ഡി.എഫ് 6 മുതല്‍ 10 വരെ സീറ്റുകള്‍ നേടുമെന്നും മറ്റുള്ളവര്‍ 1 മുതല്‍ 4 വരെ സീറ്റുകള്‍ നേടുമെന്നുമാണ് ആക്സിസ് മൈ ഇന്‍ഡ്യയുടെ പ്രവചനം.

ബി.ജെ.പി സഖ്യത്തിന് 81 സീറ്റും കോണ്‍ഗ്രസിന് 33 സീറ്റും എ.യു.ഡി.എഫിന് 10 സീറ്റും മറ്റുള്ളവര്‍ക്ക് 2 സീറ്റുമാണ് എ.ബി.പി ആനന്ദ പ്രവചിയ്ക്കുന്നത്.

ബി.ജെ.പി സഖ്യം 90 സീറ്റും കോണ്‍ഗ്രസ് 27 സീറ്റും എ.യു.ഡി.എഫ് 9 സീറ്റും നേടുമെന്ന് ചാണക്യ പറയുന്നു.

എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സഭയില്‍ ബി.ജെ.പി സഖ്യം 57 സീറ്റും കോണ്‍ഗ്രസ് 41 സീറ്റും എ.യു.ഡി.എഫ് 18 സീറ്റും മറ്റുള്ളവര്‍ 10 സീറ്റും നേടുമെന്നാണ് സീ വോട്ടര്‍ സര്‍വേ പറയുന്നത്.

ബി.ജെ.പി സഖ്യത്തിന് 53 മുതല്‍ 61 വരെ സീറ്റുകളും കോണ്‍ഗ്രസിന് 37 മുതല്‍ 45 വരെ സീറ്റുകളും എ.യു.ഡി.എഫിന് 14 മുതല്‍ 22 വരെ സീറ്റുകളും മറ്റുള്ളവര്‍ക്ക് 6 മുതല്‍ 14 വരെ സീറ്റുകളും ലഭിയ്ക്കുമെന്ന് ഇന്ത്യ ടി.വി പറയുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News