ബലാത്സംഗശ്രമം തടഞ്ഞ വിദ്യാര്‍ഥിനിയെയും അമ്മയെയും നടുറോഡില്‍ അക്രമികള്‍ തല്ലിച്ചതച്ചു
എന്നാല്‍ ഈ നിയമനിര്‍മാണങ്ങളൊക്കെ നടക്കുന്ന രാജ്യതലസ്ഥാനമാണ് ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങള്‍ നടക്കുന്ന സ്ഥലം.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിരവധി നിയമങ്ങള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ ഈ നിയമനിര്‍മാണങ്ങളൊക്കെ നടക്കുന്ന രാജ്യതലസ്ഥാനമാണ് ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങള്‍ നടക്കുന്ന സ്ഥലം. നിയമം ശക്തമാക്കിയെന്ന് പറയുമ്പോഴും ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക വൈകൃതത്തിന്റെ കറുത്ത കരങ്ങള്‍ നീട്ടാന്‍ അക്രമികള്‍ക്ക് ഇരുട്ടിന്റെ മറപോലും വേണ്ട എന്നായിരിക്കുന്നു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ആനന്ദ് പര്‍ബത്തില്‍ ബലാത്സംഗശ്രമം തടയാന്‍ ശ്രമിച്ച 19 കാരി വിദ്യാര്‍ഥിനിയെയും അമ്മയെയും അക്രമി സംഘം നടുറോഡില്‍ തല്ലിച്ചതച്ചു.
ഡല്‍ഹി യൂണിവേഴ്‍സിറ്റിയിലെ വിദ്യാര്‍ഥിനിക്കും അമ്മക്കും നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ വീടിനു സമീപം കേബിള്‍ കമ്പനി സ്ഥാപിച്ച സിസിടിവി കാമറയില്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി പറയുന്നതിങ്ങനെ: ''കഴിഞ്ഞ ഒരുമാസമായി അവര്‍ എന്നെ നിരന്തരം ശല്യപ്പെടുത്തി വരിയായിരുന്നു. പരാതിയുമായി നിരവധി തവണ പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി. എന്നാല്‍ പൊലീസ് ഒരു നടപടിയും എടുത്തില്ല. ശനിയാഴ്ച അയല്‍വാസിയായ യുവാവ് എനിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. ഞാന്‍ അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ യുവാവ് ബലപ്രയോഗത്തിലൂടെ എന്നെ കീഴ്‍പ്പെടുത്താന്‍ ശ്രമിച്ചു. സഹായത്തിനായി ഞാന്‍ എന്റെ അമ്മയെ കരഞ്ഞു വിളിച്ചു. അമ്മ ഓടിയെത്തിയപ്പോള്‍ പ്രായം പോലും വകവെക്കാതെ അവരെയും യുവാവ് മര്‍ദിച്ച ശേഷം ഓടി രക്ഷപെട്ടു. പൊലീസിനെ അറിയിച്ചതോടെ അവരെത്തി യുവാവിനെ പിടികൂടി കൊണ്ടുപോയി. കര്‍ശന നടപടിയുണ്ടാകുമെന്ന് എനിക്ക് പൊലീസ് ഉറപ്പ് നല്‍കി. എന്നാല്‍ ഞായറാഴ്ച അക്രമിയായ സോനുവിനെ പൊലീസ് വിട്ടയച്ചു. ഇയാള്‍ വീട്ടിലെത്തിയ ശേഷം എന്നെയും അമ്മയെയും റോഡിലേക്ക് വലിച്ചിഴച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. സോനുവിനൊപ്പം ആറോളം വരുന്ന അക്രമിസംഘവുമുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.