ആധാര്‍ കേസ്: ഇടക്കാല ഉത്തരവ് ഇന്ന്
മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടുന്നതിനും ഇടക്കാല ഉത്തരവില്‍ നിര്‍ദ്ദേശം ഉണ്ടായേകും.
ആധാര്‍ കേസില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണ ഘടനാ ബഞ്ച് രാവിലെ 10.30 നാണ് ഉത്തരവ് പുറപ്പെടുവിക്കുക. മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടുന്നതിനും ഇടക്കാല ഉത്തരവില്‍ നിര്‍ദ്ദേശം ഉണ്ടായേകും.
ആധാര്‍ വിവിധ പദ്ധതികളുമായും സേവനങ്ങളുമായും ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുകള്‍, ആധാര്‍ കേസില്‍ അന്തിമ വിധിയുണ്ടാകും വരെ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെടുള്ള ഹരജികളിലാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക. പുതുതായി ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളുമായി ആധാര്‍ ആറുമാസത്തിനകം ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം, ഇടക്കാല ഉത്തരവിലൂടെ ഇക്കാര്യത്തില്‍ സുപ്രീംകോടതി വ്യക്തത വരുത്തിയേക്കും.
മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അടുത്ത വര്‍ഷം ഫെബ്രുവരി ആറില്‍ നിന്ന് മാര്‍ച്ച് 31 ആക്കാന്‍ സമ്മതമാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് കോടതി ഉത്തരവില്ലാതെ സാധ്യമാകില്ല എന്നതിനാല്‍ ഇടക്കാല ഉത്തവില്‍ ഇക്കാര്യം കൂടി ഉള്‍പെടുത്തിയേക്കും. ആധാറിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രീം കോടതി പലതവണ കര്‍ശനമായി നിര്‍ദേശിച്ചിട്ടും കേന്ദ്രം ചെവി കൊളളുന്നില്ലെന്നാണ് ഹര്‍ജിക്കാരുടെ ആക്ഷേപം.
എന്നാല്‍ ഒരു പദ്ധതി എന്ന നിലയില്‍ നിന്ന് ആധാര്‍ നിയമമായി മാറിയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അതിനാല്‍ സ്‌റ്റേ ചെയ്യരുതെന്നുമാണ് കേന്ദ്ര വാദം. ജനുവരി പത്തു മുതലാണ് കേസില്‍ സുപ്രീം കോടതി അന്തിമ വാദം കേള്‍ക്കുക.