പിഎന്‍ബി തട്ടിപ്പ്; പ്രതിസന്ധി മറികടക്കാന്‍ ബാങ്കിനാകുമെന്ന് എംഡി
തട്ടിപ്പ് കണ്ടെത്തിയത് ബാങ്ക് തന്നെയാണ്. അപ്പോള്‍ തന്നെ സര്‍ക്കാരിനെ വിവരം അറിയിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ബാങ്കിന് കഴിയുമെന്നും സുനില്‍ മേത്ത പറഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് വിവരം അറിഞ്ഞ ഉടന്‍ തന്നെ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് ബാങ്ക് എംഡി സുനില്‍ മേത്ത. 2011ലാണ് തട്ടിപ്പ് നടന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള ശേഷി ബാങ്കിനുണ്ടെന്നും എംഡി പറഞ്ഞു.
വായ്പ തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ബാങ്കിന് തന്നെയായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നീരവ് മോദിയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് വിശദീകരണവുമായി പിഎന്‍ബി എംഡി തന്നെ രംഗത്തെത്തിയത്. തട്ടിപ്പ് കണ്ടെത്തിയത് ബാങ്ക് തന്നെയാണ്. അപ്പോള്‍ തന്നെ സര്‍ക്കാരിനെ വിവരം അറിയിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ബാങ്കിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതമായി ബാങ്കില്‍ നിന്ന് അനുവദിച്ച ജാമ്യപത്രങ്ങളുടെ അടിസ്ഥാനത്തില്‍ നീരവ് മോദിയും കൂട്ടരും 11330 കോടിയിലേറെ രൂപയാണ് വിവിധ ബാങ്കുകളുടെ വിദേശശാഖകളില്‍ നിന്ന് വായ്പയെടുത്തത്. മൂന്ന് സ്ഥാപനങ്ങളും നാല് വ്യക്തികളുടേയും അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. നഷ്ടമായ തുക ബാങ്കതന്നെ നല്‍കണമെന്ന് റിസര്‍ബ് ബാങ്ക് വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീരവ് മോദിയുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. അതേസമയം നീരവ് രാജ്യം വിട്ടതായാണ് സൂചന.