കശ്മീര്‍ പ്രശ്നത്തില്‍ ലോക പിന്തുണതേടി പാക് പ്രത്യേക ദൌത്യസംഘം

Update: 2018-05-03 00:40 GMT
കശ്മീര്‍ പ്രശ്നത്തില്‍ ലോക പിന്തുണതേടി പാക് പ്രത്യേക ദൌത്യസംഘം
Advertising

ഇന്ത്യന്‍ സൈന്യത്തിന്റെ ക്രൂരതകളെ ദൌത്യസംഘം ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തുമെന്നും

കശ്മീര്‍ പ്രശ്നം അന്താരാഷ്ട്ര തലത്തിലുയര്‍ത്താന്‍‌ പാകിസ്താന്‍ പ്രത്യേക ദൌത്യ സംഘം രൂപീകരിച്ചു. 22 അംഗ എംപിമാരുടെ സംഘത്തിനാണ് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് രൂപം നല്‍കിയത്. കശ്മീരിനായുള്ള പോരാട്ടത്തിന് കരുത്ത് പകരാന്‍ ഇവര്‍ ലോക രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും ഇന്ത്യന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ വിശദീകരിക്കുമെന്നും നവാസ് ശരീഫ് പറഞ്ഞു.

കശ്മീര്‍ പ്രശ്നത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ് പാകിസ്താന്റെ ലക്ഷ്യം. ഇതിനായി രൂപീകരിച്ച ദൌത്യ സംഘം കശ്മീരിലെ പുതിയ സംഭവവികാസങ്ങള്‍ ഐക്യരാഷ്ട്രസഭയിലും മറ്റു അന്താരാഷ്ട്ര വേദികളിലും ഉയര്‍ത്തും. പുറമെ സംഘത്തിലെ അംഗങ്ങള്‍ വിവിധ രാജ്യങ്ങളില്‍‌ പ്രത്യേകം സന്ദര്‍ശനം നടത്തി കശ്മീര്‍ പ്രശ്നം വിശദീകരിക്കും.

ഇന്ത്യന്‍ സൈന്യത്തിന്റെ ക്രൂരതകളെ ദൌത്യസംഘം ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തുമെന്നും അവര്‍ക്ക് പ്രാര്‍ത്ഥനയും പിന്തുണയുമായി പാക് ജനതയും സര്‍ക്കാരും അതിര്‍ത്തിയിലെ കശ്മീരികളുമുണ്ടാകുമെന്ന് പാക് പ്രധാന മന്ത്രി നവാസ് ശരീഫ് പറഞ്ഞു.

പാക് മാധ്യമങ്ങളാണ് ശരീഫിനെ ഉദ്ധരിച്ച് ഈ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്. കശ്മീര്‍ വിഷയത്തില്‍ വിദേശകാര്യസെക്രട്ടറിതല ചര്‍ച്ച വേണമെന്ന പാകിസ്താന്റെ ആവശ്യം ഇന്ത്യ തള്ളിയിരുന്നു.

Tags:    

Similar News