ഈ പൊലീസുകാരന്‍ മദ്യപിച്ചിരുന്നില്ല, പക്ഷേ തിരുത്തി വാര്‍ത്ത കൊടുക്കേണ്ടെന്ന് കോടതി
കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ വൈറലായ ദൃശ്യങ്ങളായിരുന്നു ഒരു പൊലീസുകാരന്‍ ഡല്‍ഹി മെട്രോയില്‍ മദ്യലഹരിയില്‍ യാത്ര ചെയ്യുന്നു എന്ന തരത്തില്‍ പ്രചരിച്ചത്.
കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ വൈറലായ ദൃശ്യങ്ങളായിരുന്നു ഒരു പൊലീസുകാരന്‍ ഡല്‍ഹി മെട്രോയില്‍ മദ്യലഹരിയില്‍ യാത്ര ചെയ്യുന്നു എന്ന തരത്തില്‍ പ്രചരിച്ചത്. വീഡിയോ ദേശീയ മാധ്യമങ്ങള്‍ കൂടി ആഘോഷിച്ചതോടെ രണ്ടാമതൊന്ന് ആലോചിക്കാതെ ആ പൊലീസുകാരനെ സസ്‍പെന്‍ഡ് ചെയ്യാന്‍ ഉന്നതാധികാരികള്‍ ഉത്തരവിട്ടു. എന്നാല്‍ രോഗാവസ്‌ഥയില്‍ മെട്രോ സ്‌റ്റേഷനില്‍ തലകറങ്ങിവീണതാണെന്നറിയാതെ മദ്യപനെന്ന നിലയില്‍ യാത്രക്കാര്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് അപമാനിതനായ മലയാളി ഹെഡ്‌കോണ്‍സ്‌റ്റബിള്‍ പികെ സലിമിനുണ്ടായ അപമാനം എത്രത്തോളമായിരുന്നുവെന്ന് അടുത്തിടെ തെളിഞ്ഞു.
ജോലി നഷ്‌ടമായതോടെ സലീമിനെ ആശ്രയിച്ചുകഴിഞ്ഞ കുടുംബത്തിനും അതൊരു ദുരന്തമായി. സമ്മര്‍ദം താങ്ങാനാവാതെ ഭാര്യക്കു മസ്‌തിഷ്‌കാഘാതവുമുണ്ടായി. ഡല്‍ഹി മെട്രോയില്‍ കാലുകളുറയ്‌ക്കാതെ യാത്ര ചെയ്യുകയും മെട്രോയില്‍ നിലതെറ്റി വീഴുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ യുട്യൂബില്‍ പോസ്‌റ്റ് ചെയ്‌തതാണു സലിമിന്റെ ജീവിതം മാറ്റിമറിച്ചത്. കുടിച്ചു പൂസായ പൊലീസുകാരന്‍ എന്ന തലക്കെട്ടിലുള്ള വീഡിയോ വൈറലാവുകയും ഫേസ്‍ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിക്കുകയും ചെയ്‌തു. ഇതേതുടര്‍ന്ന് അധികൃതര്‍ ഇടപെട്ട് സലീമിനെ ഡല്‍ഹി പൊലീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ സലീം മദ്യപിച്ചിരുന്നില്ലെന്നു കണ്ടെത്തി. തുടര്‍ന്ന് ഡല്‍ഹി പൊലീസ് മാപ്പുപറയുകയും സസ്‌പെന്‍ഷന്‍ കാലാവധി ഡ്യൂട്ടിയായി പരിഗണിച്ച് ആനുകൂല്യങ്ങള്‍ നല്‍കുകയും തിരിച്ചെടുക്കുകയും ചെയ്‌തു. തനിക്കെതിരായ നടപടിക്കെതിരെ സലിം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ തിരുത്തി വാര്‍ത്ത നല്‍കണമെന്നായിരുന്നു സലിമിന്റെ ആവശ്യം. എന്നാല്‍ തിരുത്തല്‍ വേണ്ടെന്ന് സുപ്രിംകോടതി ഉത്തരവിടുകയായിരുന്നു. 1986 ലാണ് സലിം ഡല്‍ഹി പൊലീസില്‍ സേവനം തുടങ്ങുന്നത്.