ശബ്ദമില്ലാത്തവരുടെ ശബ്ദമാകും, ബിജെപിക്കെതിരെ പോരാടും: ജിഗ്നേഷ്
ബിജെപിയെപ്പോലുളള ശക്തികള്‍ക്കെതിരെ പൊരുതാന്‍ കൂടുതല്‍ ഊര്‍ജവും സമയവും ചെലവഴിക്കേണ്ടതുണ്ടെന്ന് ജിഗ്നേഷ് മേവാനി
നിയമസഭയില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി താന്‍ മാറുമെന്ന് ജിഗ്നേഷ് മേവാനി. വദ്ഗാം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെപ്പോലുളള ശക്തികള്‍ക്കെതിരെ പൊരുതാന്‍ കൂടുതല്‍ ഊര്‍ജവും സമയവും ചെലവഴിക്കേണ്ടതുണ്ട്. ദേശീയതലത്തില്‍ ബിജെപിക്കെതിരെ ഐക്യം രൂപപ്പെടുത്താന്‍ ശ്രമിക്കുമെന്നും ജിഗ്നേഷ് വ്യക്തമാക്കി.
തെരുവില്‍ എത്ര ശബ്ദമുയര്‍ത്തിയാലും നിയമസഭയിലും പാര്‍ലമെന്‍റിലും നമ്മുടെ ശബ്ദമുയരേണ്ടതുണ്ട്. അതേസമയം നിയമസഭയില്‍ ഒരിക്കലും വിപ്ലവം നടക്കില്ലെന്നും ഓര്‍ക്കണം. അതിന് നമ്മള്‍ തെരുവില്‍ ജനങ്ങള്‍ക്കൊപ്പം തന്നെയായിരിക്കണം. നിയമസഭയില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറും. അതേസമയം തന്നെ സമരങ്ങള്‍ തുടരുമെന്നും ജിഗ്നേഷ് നിലപാട് വ്യക്തമാക്കി.
67ആം വയസിലും യുവാവ് എന്നാണ് പ്രധാനമന്ത്രി സ്വയം വിളിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയേക്കാള്‍ യുവത്വം തനിക്കുണ്ടെന്ന് 37കാരനായ മേവാനി പറഞ്ഞു. വദ്ഗാമിലെ ജനങ്ങളുടെ സ്നേഹം നേടാന്‍ തനിക്ക് കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പ്രഭാവം 2019ലെ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് ജിഗ്നേഷ് അഭിപ്രായപ്പെട്ടു.