അസമിലെയും പശ്ചിമബംഗാളിലെയും വോട്ടെടുപ്പ് അവസാനിച്ചു
പശ്ചിമബംഗാളില്‍ 78 ശതമാനവും അസമില്‍ 75 ശതമാനവും പോളിങ്
അസമിലെയും പശ്ചിമബംഗാളിലെയും ആദ്യഘട്ടവേട്ടെടുപ്പ് അവസാനിച്ചു. പശ്ചിമബംഗാളില്‍ 78 ശതമാനവും അസമില്‍ 75 ശതമാനവും പോളിങ് രേഖപ്പെടുത്തി. ബംഗാളില്‍ പലയിടത്തും തൃണമൂല്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചുവെന്ന് ആരോപണം ഉയര്‍ന്നു.
ബംഗാളില്‍ പുരുലിയ, ബാങ്കുറ, മിഡ്‌നാപ്പൂര്‍ മേഖലകളിലെ 18 മണ്ഡലങ്ങളിലും അസമില്‍ അപ്പര്‍ അസം മേഖയിലെ 65 മണ്ഡലങ്ങളിലും ആണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. രാവിലെ വേട്ടെടുപ്പ് ആരംഭിച്ചത് മുതല്‍ മികച്ച പോളിങാണ് ഇരുസംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയത്. മാവോയിസ്റ്റ്, വിഘടന വാദി സംഘടനകളുടെ ഭീഷണിയുള്ളതിനാല്‍ ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ ഇരുസംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിരുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബുത്ത് പിടിച്ചതായി വ്യാപക പരാതിയുര്‍ന്നു. പല ബൂത്തുകളിലും വോട്ടെടുപ്പ് തടസ്സപ്പെട്ടുവെങ്കിലും സുരക്ഷ കര്‍ശനമാക്കി വോട്ടിങ് പുനരാരംഭിക്കുകയായിരുന്നു. വെസ്റ്റ് മിഡ്നാപൂര്‍ മണ്ഡലത്തിലാണ് ഉയര്‍ന്ന പൊളിങ് രേഖപ്പെടുത്തിയത്. ബംഗാളില്‍ അനിഷ്ടസംഭവങ്ങളുടെ പേരില്‍ ഇരുനൂറിലധികം പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു. മാവോയിസ്റ്റ് സ്വാധീനമേഖലകളായ 13 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് 4 മണിക്ക് അവസാനിച്ചു. ബംഗാളില്‍ 133 സ്ഥാനാര്‍ഥികളും അസമില്‍ 539 സ്ഥാനാര്‍ഥികളുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. അസമില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറുമെന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി പറഞ്ഞു.
അസമില്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. 126 മണ്ഡലങ്ങളുള്ള അസമില്‍ അടുത്ത ഘട്ടം ഏപ്രില്‍ 11ന് നടക്കും. 294 മണ്ഡലങ്ങളുള്ള പശ്ചിമ ബംഗാളില്‍ ആറ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്.