പത്താന്‍കോട്ട് ഭീകരാക്രമണം: പാക് പങ്ക് തെളിയിക്കുന്ന രേഖകളുമായി അമേരിക്ക
എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചത് അന്വേഷണ പുരോഗതിക്ക് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍
പത്താന്‍കോട്ട് ഭീകരാക്രമണക്കേസില്‍ പാകിസ്താന്റെ പങ്ക് തെളിയിക്കുന്ന രേഖകളുമായി അമേരിക്ക. തെളിവുകള്‍ ഇന്ത്യക്ക് കൈമാറി. ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പ്രതിചേര്‍ത്ത് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചത് അന്വേഷണ പുരോഗതിക്ക് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ആറ് സൈനികരുടെ മരണത്തിനിടയാക്കിയ തീവ്രവാദ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജയ്ഷെ ഇ മുഹമ്മദാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു എങ്കിലും തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. യുഎസ് ഇന്ത്യക്ക് കൈമാറിയ രേഖകളില്‍ ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്നുണ്ട്. ഭീകരവാദികള്‍ ബന്ധപ്പെട്ട ഫോണ്‍ഫോണുകള്‍ പാകിസ്താനില്‍ നിന്നുമാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ അമേരിക്ക ഇന്ത്യക്ക് കൈമാറി.
ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരെന്ന് കരുതുന്നവരുടെ ഫേസ്ബുക്ക് അക്കൌണ്ടുകളുടെ ഐപി അഡ്രസുകളും പാകിസ്താനില്‍ നിന്നുള്ളതാണ്. തീവ്രവാദ സംഘടനക്ക് സാമ്പത്തിക സഹായം നല്‍കുന്ന അല്‍ റഹ്മത് ട്രസ്റ്റിന്റെ വെബ്സൈറ്റിന്റെ ഐപി വിലാസവും പാകിസ്താനിലേതാണെന്നും യുഎസ് പറയുന്നു. ജയ്ഷെ നേതാവിന്റെ സുഹൃത്തുക്കളാണ് അക്കൌണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണത്തില്‍ ലഭിച്ച സൈറ്റുകളിലും ഫേസ്ബുക്ക് അക്കൌണ്ടുകളിലും അപ്ഡേഷന്‍സ് നടന്നത് പത്താന്‍കോട്ട് ആക്രമണ സമയത്താണ്. ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് ഭീകരവാദികളുടെ ചിത്രങ്ങളും ഇവരുടെ കൈവശം ഉണ്ടായിരുന്നതായി യുഎസ് രേഖകളില്‍ പറയുന്നു.