മോദി അമേരിക്കയില്‍; ഒബാമയെ കാണും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് രാഷ്ട്രങ്ങളിലെ സന്ദര്‍ശന പരമ്പര തുടരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് രാഷ്ട്രങ്ങളിലെ സന്ദര്‍ശന പരമ്പര തുടരുന്നു. അഫ്ഗാനിസ്ഥന്‍, ഖത്തര്‍, സ്വിറ്റസര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച മോദി അമേരിക്കയിലെത്തി. വാഷിങ്ടണില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ആണവ സപ്ലൈസ് ഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോകോള്‍ നദാലി ജോണ്‍സ്, യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ അരുണ്‍ സിങ്, ഇന്ത്യയിലെ യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് റാഹുല്‍ വര്‍മ എന്നിവരടങ്ങുന്ന സംഘമാണ് നരേന്ദ്ര മോദിയെ സ്വീകരിച്ചത്. മോദി കൊളംബിയ ബഹിരാകാശ പേടക ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മാരകം സന്ദര്‍ശിച്ചു. വാഷിങ്ടണിലെ ബ്ലയര്‍ ഹൌസ് സന്ദര്‍ശിച്ച മോദി അവിടെ നടന്ന സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.
പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയാണ് പ്രധാന പരിപാടി. കൂടിക്കാഴ്ചയില്‍ പ്രതിരോധം, സുരക്ഷ, ഊര്‍ജം എന്നീ വിഷയങ്ങള്‍ ചര്‍ച്ചയാകും. 2014 ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ഒബാമയുമായി നടത്തുന്ന ഏഴാമത്തെയും അവസാനത്തെയും കൂടിക്കാഴ്ചയാകും ഇത്. ത്രിദിന സന്ദര്‍ശനത്തിനായി അമേരിക്കയിലുള്ള മോദി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധനം ചെയ്യും. യുഎസിലെ വ്യവസായ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
48 അംഗ ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വം ലഭിക്കുന്നതിനുള്ള പിന്തുണ തേടുകയാണ് മോദിയുടെ പ്രധാന സന്ദര്‍ശന ലക്ഷ്യങ്ങളിലൊന്ന്. അഫ്ഗാനിസ്താന്‍, ഖത്തര്‍, സ്വിറ്റ്‍സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മോദി അമേരിക്കയില്‍ എത്തിയത്. അമേരിക്കയില്‍ നിന്ന് മെക്സിക്കോയിലേക്ക് പോകുന്ന മോദി അതിന് ശേഷം ഇന്ത്യയിലേക്ക് തിരിക്കും.