വ്യാജാരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് രഘുറാം രാജന്‍
എന്‍ഡിടിവിയുമായുള്ള അഭിമുഖത്തിലാണ് സുബ്രഹ്മണ്യം സ്വാമിയുടെ വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് മറുപടി പറയല്‍ തന്‍റെ രീതിയല്ലെന്ന് രഘുറാം രാജന്‍ വ്യക്തമാക്കിയത്.
തനിക്കെതിരെ ചിലരുയര്‍ത്തുന്ന വ്യാജാരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് റിസര്‍വ്വ്ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. എന്‍ഡിടിവിയുമായുള്ള അഭിമുഖത്തിലാണ് സുബ്രഹ്മണ്യം സ്വാമിയുടെ വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് മറുപടി പറയല്‍ തന്‍റെ രീതിയല്ലെന്ന് രഘുറാം രാജന്‍ വ്യക്തമാക്കിയത്. സാമ്പത്തിക നയങ്ങളെ കുറിച്ചുള്ള ആത്മാര്‍ഥമായ വിമര്‍ശങ്ങളെ സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നത് അവക്ക്സാധുത ചാര്‍ത്തലാവുമെന്നും കൂട്ടിച്ചേര്‍ത്തു. രഘുറാം രാജന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി രണ്ടാമൂഴം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്‍മണ്യന്‍ സ്വാമി രണ്ടുപ്രാവശ്യം കത്ത് നല്‍കിയത് വിവാദമായിരുന്നു.. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ തകര്‍ക്കാന്‍ രാജന്‍ മനപൂര്‍വ്വം നീക്കം നടത്തുകയാണെന്നും മാനസികമായി അദ്ദേഹം പൂര്‍ണ്ണമായും ഇന്ത്യക്കാരനല്ലെന്നുമായിരുന്നു സുബ്രഹ്‍മണ്യം സ്വാമിയുടെ കത്തിന്‍റെ ഉള്ളടക്കം. അമേരിക്കയുടെ ഗ്രീന്‍കാര്‍ഡുള്ള രാജന്‍ ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ തന്‍റെ അധ്യാപന ജോലിയിലേക്ക് മടങ്ങലാണ് രാജ്യത്തിനു നല്ലതെന്നും സുബ്രഹ്‍മണ്യം സ്വാമി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രഘുറാം രാജന് രണ്ടാമൂഴം നല്‍കണമെന്ന അഭിപ്രായമാണ് പ്രധാനമന്ത്രിക്കുള്ളതെന്നാണ് അണിയറ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.