പൊതു തെരഞ്ഞെടുപ്പിന് മുന്‍പുള്ള കേന്ദ്ര ബജറ്റ് ജനപ്രിയമായേക്കും
മോദി സര്‍ക്കാരിന് അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് അവതരിപ്പിക്കാനുള്ള നിര്‍ണ്ണായകവും സമ്പൂര്‍ണ്ണവുമായ ബജറ്റാണ് ഇത്തവണത്തേത്.
മോദി സര്‍ക്കാരിന് അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് അവതരിപ്പിക്കാനുള്ള നിര്‍ണ്ണായകവും സമ്പൂര്‍ണ്ണവുമായ ബജറ്റാണ് ഇത്തവണത്തേത്. ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ കേന്ദ്രബജറ്റ് എന്ന പ്രത്യേകതയുമുണ്ട്. തളര്‍ന്നോടുന്ന സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള നടപടികള്‍ക്കൊപ്പം ജനപിന്തുണ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളും ഉണ്ടായേക്കും.
പൊതു തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടുള്ള ജനപ്രിയ ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ, കാര്‍ഷിക മേഖലകള്‍ക്ക് ഊന്നലുണ്ടാകുമെന്നാണ് സൂചന. ആരോഗ്യ ഇന്‍ഷൂറന്‍സ് പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയേക്കും. കാര്‍ഷിക കടങ്ങള്‍ പൂര്‍ണ്ണമായി എഴുതി തള്ളില്ല എന്ന് ജെയ്റ്റ്ലി തന്നെ വിശദീകരിച്ചു കഴിഞ്ഞു. എന്നാല്‍ കര്‍ഷകരെ തൃപ്തിപ്പെടുത്താനായി പ്രത്യേക പാക്കേജുകളുണ്ടായേക്കും
ആദായ നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനും അതിന്റെ വെട്ടിപ്പും തടയുന്നതിനും പരിഷ്കാരങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. എന്നാല്‍ ഒപ്പം കോര്‍പ്പറേറ്റ് മേഖലക്കും കാര്യമായ ഇളവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ വിവിധ സബ്സിഡികള്‍ വെട്ടിക്കുറച്ചും ഇന്ധന വില കുറക്കാതെയുമൊക്കെ സമാഹരിച്ച വലിയ തുക ക്ഷേമ പദ്ധതികള്‍ക്കായി വകയിരുത്തുമോ എന്നാണ് അറിയേണ്ടത്.