സുപ്രീം കോടതിയെ വെല്ലുവിളിച്ച് നവനിര്‍മ്മാണ്‍ സേനയുടെ ദഹി ഹന്ദി
മനുഷ്യപ്പിരമിഡിന്റെ പരമാവധി ഉയരം 20 അടിയില്‍ കൂടരുതെന്നും പതിനെട്ടു വയസ്സിനു താഴെയുള്ളവരെ മത്സരത്തില്‍ പങ്കെടുപ്പിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ദഹി ഹന്ദിക്ക് സുപ്രീംകോടതി നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ മഹാരാഷ്ട്രയിയിലെ താനെയില്‍ തൈരുകുടമുയര്‍ത്തിയത് 49 അടി ഉയരത്തില്‍. ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ദഹി ഹന്ദിയില്‍ മനുഷ്യപിരമിഡിന്റെ ഉയരം 20 അടി കവിയരുതെന്ന സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കെയാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കെയുടെ അനുമതിയോടെ 49 അടി ഉയരത്തില്‍ തൈരുകുടം കെട്ടിയിരിക്കുന്നത്. ഇത് സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ ഇരട്ടിലധികമാണ്. മനുഷ്യപ്പിരമിഡിന്റെ പരമാവധി ഉയരം 20 അടിയില്‍ കൂടരുതെന്നും പതിനെട്ടു വയസ്സിനു താഴെയുള്ളവരെ മത്സരത്തില്‍ പങ്കെടുപ്പിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
''കൃഷ്ണന്റെ ജന്മദിനാഘോഷങ്ങള്‍ ഉദ്ദേശിച്ച തരത്തില്‍ തന്നെ നടക്കണമെന്ന്'' താക്കറെ അറിയിച്ചിട്ടുണ്ടെന്ന് താനെയില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന അവിനാശ് ജാദവ് പറഞ്ഞു. നല്ല ഉയരത്തില്‍ കയറില്‍ കെട്ടിത്തൂക്കിയ തൈരുകൂടങ്ങള്‍ മനുഷ്യപ്പിരമിഡ് സൃഷ്ടിച്ച് അടിച്ചു പൊട്ടിക്കുന്ന ഉറിയടി മത്സരം മഹാരാഷ്ട്രയില്‍ പ്രസിദ്ധമാണ്. ജന്മാഷ്ടമി, ഗണേശോത്സവം, നവരാത്രി തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി ദഹി ഹന്ദി മത്സരം നടക്കാറുണ്ട്.
വിഷയത്തില്‍ സുപ്രീംകോടതി ലക്ഷ്മണ രേഖ കടക്കരുതെന്ന താക്കീതുമായി നേരത്തെ ശിവസേനയും രംഗത്തെത്തിയിരുന്നു. ഗണേശോത്സവം, ദഹി ഹന്ദി, നവരാത്രി തുടങ്ങിയ ആഘോഷങ്ങള്‍ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും കോടതി ഇക്കാര്യത്തില്‍ അമിതമായി കൈകടത്തരുതെന്നും മുഖപ്രസംഗത്തിലുണ്ട്. കോടതിയല്ല രാജ്യം ഭരിക്കേണ്ടത്. ഇവിടെ ജനാധിപത്യ വ്യവസ്ഥയില്‍ ഒരു സര്‍ക്കാരുണ്ട്. സര്‍ക്കാരിനറിയാം ഏതാണ് ശരിയെന്നും തെ?റ്റെന്നും. ഇതിനെ പൊളിക്കാനോ ജനാധിപത്യത്തെ കൊലചെയ്യാനോ കോടതി ശ്രമിക്കരുത്. ഹിന്ദുക്കളുടെ ആചാരങ്ങളും ആഘോഷങ്ങളും പതിവു പോലെ നടക്കും. ഇത് തടയാന്‍ ശ്രമിച്ചാല്‍ അവരെ നേരിടാന്‍ ശിവസേന മുമ്പിലുണ്ടാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.