ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

Update: 2018-05-09 05:04 GMT
ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി
Advertising

എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക്, തീരുമാനം ഇന്നുണ്ടാകുമെന്ന് പ്രതീക്ഷ


വികെ ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സട്ടപഞ്ചായത്ത് ഇയക്കം സമര്‍പ്പിച്ച ഹരജി പിന്നീട് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. സംസ്ഥാനത്ത് സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യാന്‍ തമിഴ്നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ എംപിമാര്‍ ഇന്ന് രാഷ്ട്രപതിയെ കണ്ടേക്കും

അനധികൃത സ്വത്ത് സന്പാദനകേസില്‍ വിധി വരുന്നത് വരെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു സട്ടപഞ്ചായത്ത് ഇയക്കം കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷ തള്ളിയ കോടതി കേസ് പിന്നീട് പരിഗണിക്കുമെന്ന് അറിയിച്ചു. സത്യപ്രതിജ്ഞക്ക് ശേഷം ശശികലയെ കോടതി ശിക്ഷിച്ചാല്‍ സംസ്ഥാനത്ത് കലാപം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹരജി. തമിഴ്നാട്ടിലെ രാഷ്ട്രീയപ്രതിസന്ധിയില്‍ ആരെ പിന്തുണക്കണമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ തിരുനാവുക്കരസര്‍ മുതിര്‍ന്ന നേതാക്കളായ ഇളങ്കോവന്‍ പി ചിദംബരം എന്നിവര്‍ ചര്‍ച്ചയില്‍‌ പങ്കെടുത്തു.

പനീര്‍ശെല്‍വത്തെ മുന്‍നിര്‍ത്തി സംസ്ഥാനരാഷ്ട്രീയത്തില്‍ നേട്ടം കൊയ്യാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം സംസ്ഥാനത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിരുന്നു. പനീര്‍ശെല്‍വത്തെ പിന്തുണക്കുക എന്ന ഡിഎംകെ നിലപാടിനൊപ്പം നില്‍ക്കാനുള്ള നിര്‍ദേശമാണ് രാഹുല്‍ഗാന്ധി നല്‍കിയത്. ഭരണഘടനപരമായി സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ഗവര്‍ണര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു

Tags:    

Similar News