കറന്‍സി രഹിത ഇടപാട് സാധിക്കും; കൃഷ്ണ - കുചേല കൂടിക്കാഴ്ച ചൂണ്ടിക്കാട്ടി യോഗി
കറന്‍സി രഹിത സാമ്പത്തിക ഇടപാട് ഭഗവാന്‍ കൃഷ്ണന്‍റെ കാലം മുതല്‍ ഉണ്ടായിരുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
കറന്‍സി രഹിത സാമ്പത്തിക ഇടപാട് ഭഗവാന്‍ കൃഷ്ണന്‍റെ കാലം മുതല്‍ ഉണ്ടായിരുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൌവില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് നോട്ട് നിരോധത്തെ ന്യായീകരിക്കാന്‍ യോഗി ശ്രീകൃഷ്ണനെ കൂട്ടുപിടിച്ചത്.
കൃഷ്ണന്‍റെ ബാല്യകാല സുഹൃത്തായ കുചേലന്‍ (സുദാമ) സഹായം തേടി എത്തിയപ്പോള്‍ കൃഷ്ണന്‍ പണം നല്‍കിയിരുന്നില്ല. 5000 വര്‍ഷം മുന്‍പ് കറന്‍സി ഇല്ലാതെ വിനിമയം നടന്നിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ എന്തുകൊണ്ടായിക്കൂടെന്നാണ് യോഗിയുടെ ചോദ്യം.
ദരിദ്രനായ കുചേലന്‍ കൃഷ്ണനെ കാണാനെത്തിയത് ഒരുപിടി അവിലുമായാണെന്നാണ് വിശ്വാസം. ശ്രീകൃഷ്ണന്‍ കുചേലന്‍റെ കൈവശം ഒന്നും കൊടുത്തില്ല. പക്ഷേ കുചേലന്‍ തിരിച്ചെത്തിയപ്പോള്‍ തന്‍റെ കുടിലിന്‍റെ സ്ഥാനത്ത് കൊട്ടാരമാണ് കണ്ടത്. ഇക്കാര്യം പരാമര്‍ശിച്ചാണ് യോഗി ആദിത്യനാഥ് നോട്ട് നിരോധത്തെ ന്യായീകരിച്ചത്. കറന്‍സി രഹിത വിനിമയം അഴിമതി തുടച്ചുനീക്കുമെന്നും യോഗി അഭിപ്രായപ്പെട്ടു.