ട്രയിനില്‍ വിമാനത്തിലെ ഭക്ഷണം; മെനു പരിഷ്കരണത്തിനൊരുങ്ങി റെയില്‍വെ

Update: 2018-05-09 10:07 GMT
Editor : Jaisy
ട്രയിനില്‍ വിമാനത്തിലെ ഭക്ഷണം; മെനു പരിഷ്കരണത്തിനൊരുങ്ങി റെയില്‍വെ
Advertising

ഇതിനെക്കുറിച്ച് പഠിച്ച റെയില്‍വേ കമ്മറ്റി മെനുപരിഷ്‌കരണ റിപ്പോര്‍ട്ട് ബോര്‍ഡിന് സമര്‍പ്പിച്ചു

ട്രയിനില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണമേന്‍മയെ ചൊല്ലി പരാതികള്‍ ഉയരുമ്പോള്‍ മെനു പരിഷ്കരണത്തിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വെ
ഇതിന്റെ ഭാഗമായി വിമാനങ്ങളില്‍ നല്‍കുന്ന ഭക്ഷണത്തിന് സമാനമായ ചാറില്ലാത്ത വിഭവങ്ങള്‍ ട്രെയിനില്‍ നല്‍കുന്ന കാര്യം റെയില്‍വേ പരിഗണിച്ചുവരികയാണ്. ഇതിനെക്കുറിച്ച് പഠിച്ച റെയില്‍വേ കമ്മറ്റി മെനുപരിഷ്‌കരണ റിപ്പോര്‍ട്ട് ബോര്‍ഡിന് സമര്‍പ്പിച്ചു.

വിമാനങ്ങളിലെ മെനു കാര്‍ഡ് പിന്തുടര്‍ന്നു കൊണ്ടുള്ള ഭക്ഷണത്തിന് പക്ഷേ യാത്രക്കാര്‍ അധിക തുക നല്‍കേണ്ടി വരും. നേരത്തെ രാജധാനി, ശദാബ്ദി ട്രെയിനുകളില്‍ ഭക്ഷണം തെരഞ്ഞെടുക്കാനുള്ള അവസരം റെയില്‍വേ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ 20 ശതമാനം ആളുകള്‍ ഇത് നിരസിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹി ഫിറോസ്പൂര്‍, ബീഹാര്‍ സംബര്‍ക്ക് കാന്തി ട്രെയിനുകളില്‍ പരീക്ഷണമെന്ന നിലയില്‍ റെയില്‍വേ പുതിയ ഭക്ഷണ വിതരണ രീതി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞ മാസത്തോടെ അവസാനിപ്പിച്ചു. പെട്ടെന്ന് തയ്യാറാക്കി നല്‍കാന്‍ സാധിക്കുന്ന ഭക്ഷണങ്ങള്‍ ട്രെയിനുകളില്‍ നല്‍കാന്‍ റെയില്‍വേ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നത്. വെജിറ്റബിള്‍ ബിരിയാണി, രാജ്മാ ചോറ്, ഹക്കാ ന്യൂഡില്‍സ്, പുലാവ്, ലഡു തുടങ്ങിയ ഭക്ഷണങ്ങളാണ് കമ്മറ്റി ശിപാര്‍ശ ചെയ്യുന്നത്.

യാത്രക്കാര്‍ക്ക് ടാബ്‌ലെറ്റുകള്‍ നല്‍കി പ്രതികരണങ്ങള്‍ ഓണ്‍ലൈനായി ശേഖരിക്കാനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്. ഇതിനായി 100 ടാബ്‌ലെറ്റുകള്‍ ഐആര്‍സിടിസിക്ക് കൈമാറിയിട്ടുണ്ട്. അഹമ്മദാബാദ് ഡല്‍ഹി രാജധാനിയിലായിരിക്കും ഇതിന്റെ ആദ്യപരീക്ഷണം നടക്കുക.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News