കാറുകള്‍ ഉരഞ്ഞതിന് പൊരിവെയിലത്ത് യുവാക്കളുടെ ശിക്ഷ; സൂര്യാഘാതമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു
കാറില്‍ പോറലുണ്ടായെന്ന പേരില്‍ നാല് യുവാക്കളാണ് മധ്യവയസ്‌കനെ ക്രൂരമായി ശിക്ഷിച്ചത്. റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയായിരുന്നു കാറുകള്‍ ഉരഞ്ഞത്.
കാറുകള്‍ തമ്മില്‍ ഉരഞ്ഞതിന്റെ പേരില്‍ യുവാക്കള്‍ പൊരിവെയിലത്ത് 'ശിക്ഷിച്ച' മധ്യവയസ്‌ക്കന്‍ സൂര്യാഘാതമേറ്റ് മരിച്ചു. തെലങ്കാനയിലെ സൈക്കന്ദരാബാദിലാണ് 40കാരന്‍ മരിച്ച ദാരുണ സംഭവമുണ്ടായത്. വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു കാറില്‍ ഉരഞ്ഞസംഭവമാണ് 40കാരന്‍റെ ജീവനെടുത്തത്.
സ്വന്തം കാറിലാണ് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്. സൂര്യാഘാതത്തെ തുടര്‍ന്നാണ് മരണണെന്ന് പ്രാഥമികനിഗമനത്തിലെത്തിയെങ്കിലും തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നിലെ യുവാക്കളുടെ പങ്ക് വെളിപ്പെട്ടത്. മധ്യവയസ്‌കന്‍ സഞ്ചരിച്ചിരുന്ന കാര്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറുമായി ഇടിച്ചതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം.
കാറില്‍ നിന്നും പുറത്തിറങ്ങിയ യുവാക്കള്‍ പൊരിവെയിലത്ത് സിറ്റ് അപ്പ് നടത്താന്‍ മധ്യവയസ്‌കനോട് കല്‍പ്പിക്കുകയായിരുന്നു. ബലമായി ഇവര്‍ മധ്യവയസ്‌കനെ സിറ്റ് അപ്പിന് പ്രേരിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്റെ കയ്യിലെത്തിയതോടെയാണ് മരണകാരണം സൂര്യാഘാതം മാത്രമല്ലെന്ന് വ്യക്തമായത്.
കാറില്‍ പോറലുണ്ടായെന്ന പേരില്‍ നാല് യുവാക്കളാണ് മധ്യവയസ്‌കനെ ക്രൂരമായി ശിക്ഷിച്ചത്. റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയായിരുന്നു കാര്‍ ഉരഞ്ഞത്. ശിക്ഷ നടപ്പിലാക്കിയതിന് പിന്നാലെ മധ്യവയസ്‌കന്റെ പേഴ്‌സും കൈക്കലാക്കിയാണ് നാല്‍വര്‍ സംഘം കടന്നു കളഞ്ഞത്. ഇതില്‍ മൂന്ന് പേര്‍ പിടിയിലായെന്ന് പൊലീസ് അറിയിച്ചു.