തിളക്കം നഷ്‍ടപ്പെട്ട് ആപ്
ഡല്‍ഹിക്ക് പുറത്തേക്ക് സ്വാധീനം വര്‍ധിപ്പിക്കാമെന്ന ആംആദ്മി പാര്‍ട്ടി പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് പഞ്ചാബിലെയും ഗോവയിലെയും തെരഞ്ഞടുപ്പ് ഫലങ്ങള്‍
ഡല്‍ഹിക്ക് പുറത്തേക്ക് സ്വാധീനം വര്‍ധിപ്പിക്കാമെന്ന ആംആദ്മി പാര്‍ട്ടി പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് പഞ്ചാബിലെയും ഗോവയിലെയും തെരഞ്ഞടുപ്പ് ഫലങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ കുറഞ്ഞ ശതമാനം വോട്ട് മാത്രമാണ് ആപ്പിന് പഞ്ചാബില്‍ നേടാനായത്. ഗോവയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ബിജെപി വിരുദ്ധ വോട്ടുകളില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ മാത്രമാണ് കഴിഞ്ഞത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ 13 ല്‍ നാല് സീറ്റുകള്‍ നേടിയ ആം ആദ്മി പാര്‍ട്ടി 33 നിയമസഭ സീറ്റുകളിലായിരുന്നു ഒന്നാമതെത്തിയത്. ഇത്തവണ ലോക്സഭയിലെ മുന്നേറ്റം ആവര്‍ത്തിക്കാനായില്ലെന്ന് മാത്രമല്ല സീറ്റുകളുടെ എണ്ണം ഇരുപതില്‍ ഒതുങ്ങി. ലഭിച്ച വോട്ടുകളുടെ എണ്ണം 24.4 ല്‍ നിന്നും 23.8 ശതമാനത്തിലേക്ക് ചുരുങ്ങി. ഭൂരിഭാഗം സ്ഥാനാര്‍ഥികളും രണ്ടാം സ്ഥാനത്ത് പോലും എത്തിയില്ല. 26 സീറ്റുകളില്‍ മാത്രമാണ് ആപ്പിന് രണ്ടാം സ്ഥാനത്ത് എത്താനായത്. ഡല്‍ഹിയില്‍ നിന്ന് എംഎല്‍എ സ്ഥാനം രാജിവെച്ച് മത്സരത്തിനെത്തിയ ജര്‍നെയ്ന്‍ സിങ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 18500 വോട്ടുകള്‍ക്കാണ് പാര്‍ട്ടി എംപി കൂടിയായ ഭഗവത്മാന്‍ പരാജയപ്പെട്ടത്.
സീറ്റ് നിലയില്‍ രണ്ടാമതെത്തിയപ്പോഴും വോട്ടിങ് ശതമാനത്തില്‍ ബിജെപി അകാലിദള്‍ സഖ്യത്തെക്കാള്‍ താഴെയാണ് എന്നത് പഞ്ചാബിലെ ആം ആദ്മി പ്രതീക്ഷകള്‍ക്ക് വലിയ ആയുസ്സ് ഇല്ല എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഗോവയിലാകട്ടെ സന്പൂര്‍ണപരാജയമായിരുന്നു ആപ്പിന്റെ വിധി. ഒരു സീറ്റില്‍ മാത്രം രണ്ടാമതെത്തി അറുപതിനായിരത്തില്‍ താഴെ മാത്രം വോട്ടുകള്‍. ബിജെപിക്കെതിരാകുമായിരുന്ന വോട്ടുകള്‍ ഭിന്നിപ്പിച്ചുവെന്ന പഴി മാത്രമാകും ഗോവയില്‍ ആപ്പിന് അവശേഷിക്കുക.
അഴിമതി രഹിതവും കോണ്‍ഗ്രസിന് ബദലുമെന്ന പ്രചാരണ കോലാഹല രാഷ്ട്രീയത്തെ തള്ളി ജനങ്ങള്‍ പ്രായോഗിക രാഷ്ട്രീയത്തിനൊപ്പം നിന്നുവെന്നിടത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവിയില്‍ ഇനി ആം ആദ്മി എന്ന പേര് രേഖപ്പെടുത്താന്‍ ഇടയില്ല.