മാസ്ക് വിതരണം, നിര്‍മ്മാണം നിര്‍ത്തിവെക്കല്‍: അന്തരീക്ഷ മലിനീകരണത്തില്‍ വലഞ്ഞ് ഡല്‍ഹി
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് അപകടകരമായ അവസ്ഥയിലെത്തിയതോടെ നെട്ടോട്ടമോടി കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും.
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് അപകടകരമായ അവസ്ഥയിലെത്തിയതോടെ നെട്ടോട്ടമോടി കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും. മാസ്ക് വിതരണം അടക്കമുള്ള അടിയന്തര നടപടികള്‍ക്ക് ഇരു സര്‍ക്കാരും നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മലിനീകരണ തോതില്‍ നേരിയ കുറവുണ്ടെങ്കിലും അപകടകരമായ അവസ്ഥ തുടരുകയാണ്.
മലിനീകരണം രൂക്ഷമായി അന്തരീക്ഷം അപകടകരമായ അവസ്ഥയില്‍ തുടരുന്നതിനാല്‍ ദുരിതത്തിലാണ് ഡല്‍ഹി നിവാസികള്‍. അപകടകരമായ ഈ അവസ്ഥ രണ്ട് ദിവസം കൂടി തുടരുമെന്നതിനാല്‍ മാസ്ക്ക് അടക്കമുള്ള സുരക്ഷ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും യാത്രകള്‍ കഴിവതും ഒഴിവാക്കാനുമാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിര്‍ദേശം.
മലിനീകരണം ഏറെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുക, പൊടി കുറക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുക, വാഹനങ്ങളെ നിയന്ത്രിക്കാന്‍ വാഹന പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിക്കുക, മെട്രോ നിരക്ക് കുറക്കുക, പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ അടിന്തര നടപടികള്‍ക്ക് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയും ഡല്‍ഹി സര്‍ക്കാരും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രൈമറി വിദ്യാലങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.