ആനുകൂല്യത്തോടെയുള്ള പ്രസവാവധി 26 ആഴ്ച: നിയമഭേദഗതി ബില്‍ രാജ്യസഭ പാസാക്കി
ലോക്സഭ പാസാക്കുന്നതോടെ ബില്‍ നിയമമാകും.
ആനുകൂല്യങ്ങളോടെയുള്ള പ്രസവാവധി 26 ആഴ്ചയാക്കി നിയമഭേദഗതി രാജ്യസഭ പാസാക്കി. പുതിയ വ്യവസ്ഥ പ്രകാരം സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങളിലെ വനിതാ തൊഴിലാളികള്‍ക്ക് 6 മാസം പ്രസവാവധി ലഭിക്കും. കുട്ടികളെ ദത്തെടുക്കുന്നവരും കൃത്രിമ ഗര്‍ഭധാരണം നടത്തുന്നവരും ആനുകൂല്യത്തിന് അര്‍ഹരാണ്. ലോക്സഭ പാസാക്കുന്നതോടെ ബില്‍ നിയമമാകും.
1961 ലെ പ്രസവാനുകൂല്യ ബില്ലിലെ ഭേദഗതി 18 ലക്ഷത്തോളം സ്ത്രീകള്‍ക്കാണ് പ്രയോജനപ്പെടുക. 12 ആഴ്ചയായിരുന്ന പ്രസവാവധിയാണ് ഇതോടെ 26 ആഴ്ചയായി വര്‍ധിച്ചത്. 3 മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന സ്ത്രീകള്‍ക്കും കൃത്രിമഗര്‍ഭധാരണം നടത്തുന്നവര്‍ക്കും ഇതേ ആനുകൂല്യം ലഭിക്കും. കമ്പനികളെ പ്രതിനിധീകരിച്ച് വീട്ടിലിരുന്ന് തൊഴില്‍ ചെയ്യുന്ന സ്ത്രീകളെയും നിയമത്തിന്റെ പരിധിയില്‍ പെടുത്തി. 50ല്‍ അധികം തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങളും കുട്ടികളുടെ പരിചരണത്തിന് സംവിധാനം ഒരുക്കണം. എന്നാല്‍ ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്ന സ്ത്രീകളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.
അതേസമയം വാടകഗര്‍ഭത്തിന് ബീജം നല്‍കുന്ന സ്ത്രീകള്‍ക്ക് നിയമത്തിന്റെ ആനുകൂല്യം ലഭിക്കും. ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്.