മൂന്ന് ദിവസം ബാങ്ക് അവധി; എടിഎമ്മുകള്‍ കാലിയായേക്കും
മൂന്ന് ദിവസത്തെ ബാങ് അവധി ദിനം കൂടി ആകുമ്പോള്‍ പണലഭ്യത കുറയുമെന്ന ആശങ്ക വ്യാപകമാവുകയാണ്
നോട്ട് അസാധുവാക്കലില്‍ ദുരിതം തുടരുന്നതിനിടെ ഇന്ന് മുതല്‍ ബാങ്കുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി. നിലവില്‍ മതിയായ പണമില്ലാത്ത എടിഎമ്മുകള്‍ തുടര്‍ച്ചയായ അവധി കൂടി വരുന്നതോടെ അടച്ചിടേണ്ടി വരും. നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ക്കുശേഷം ആദ്യമായാണ് മൂന്ന് ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി വരുന്നത് .
നോട്ട് അസാധുവാക്കലിന് ശേഷം ഇതുവരെയും ബാങ്കുകളിലോ എടിഎമ്മുകളിലോ ആവശ്യത്തിന് പണം എത്തിത്തുടങ്ങിയിട്ടില്ല. പല എടിഎമ്മുകളും ദിവസങ്ങളായി അടച്ചിട്ടിരിക്കുന്നു. പണമുള്ള എടിഎമ്മുകള്‍ക്ക് മുന്നില്‍ നീണ്ട വരികളും. ഇതിനിടയിലാണ് ഇരട്ട പ്രഹരമെന്നോണം ബാങ്ക അവധി എത്തിയത്.
രണ്ടാം ശനിയാഴ്ചത്തേയും ഞായറാഴ്ചത്തേയും തിങ്കളാഴ്ച നബിദിനത്തിന്റെയും അവധി കഴിഞ്ഞ് ബാങ്കുകള്‍ ഇനി ചൊവ്വാഴ്ചയേ തുറക്കൂ. ദുരിതം പരിഹരിക്കുന്നതിന് റിസര്‍വ് ബാങ്ക് ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല. എസ്ബിഐയിലടക്കം പണമില്ലാത്തത് മറ്റു ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
ഭൂരിഭാഗം ബാങ്കുകളുടെയും എടിഎമ്മില്‍ പണം നിറയ്ക്കുന്നത് സ്വകാര്യ ഏജന്‍സികളാണ്. അതത് ദിവസത്തേക്കുള്ള പണമാണ് ഏജന്‍സികള്‍ക്ക് ബാങ്കുകള്‍ അനുവദിക്കുക. എസ്ബിഐയുടെ എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികള്‍ക്കേ രണ്ട് ദിവസത്തേക്കെങ്കിലും പണം കൂടുതലായി കൈവശം വയ്ക്കാനാവൂ. ഈ സാഹചര്യത്തില്‍ എടിഎമ്മുകളെല്ലാം ഇന്നത്തോടെ കാലിയാകും.
സര്‍ക്കാര്‍ ഇടപാടുകള്‍, പരീക്ഷ ഫീസുകള്‍, റെയില്‍വെ, ആശുപത്രി തുടങ്ങിയ സേവനങ്ങള്‍ക്ക് പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള കാലാവധിയും ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും.