മഥുരയില്‍ സംഘര്‍ഷം; 21 പേര്‍ കൊല്ലപ്പെട്ടു

Update: 2018-05-11 02:55 GMT
Editor : admin
മഥുരയില്‍ സംഘര്‍ഷം; 21 പേര്‍ കൊല്ലപ്പെട്ടു
Advertising

ഉത്തര്‍പ്രദേശിലെ മധുരയില്‍ പാര്‍ക്ക് കയ്യേറിയവരെ ഒഴിപ്പിക്കുന്ന നടപടിക്കിടയിലുണ്ടായ സംഘര്‍ഷത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 40 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ മധുരയില്‍ പാര്‍ക്ക് കയ്യേറിയവരെ ഒഴിപ്പിക്കുന്ന പൊലീസ് നടപടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ 2 പൊലീസുകാരടക്കം 21 പേര്‍ കൊല്ലപ്പെട്ടു. 3000ത്തോളം പേരായിരുന്നു പാര്‍ക്കില്‍ തടിച്ചു കൂടിയിരുന്നത്. സത്യഗ്രഹികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജയ്ഗുരുദേവ് അര്‍ധമത വിഭാഗത്തില്‍ പെടുന്നവര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ക്ക് കയ്യേറിയിരിക്കുകയായിരുന്നു. 260ഓളം ഏക്കര്‍ വരുന്ന പാര്‍ക്കിന് കോടികള്‍ മതിപ്പുവിലയുണ്ട്. കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. പ്രകോപനമില്ലാതെ കയ്യേറ്റക്കാര്‍ പൊലീസിനു നേരെ വെടിവെയ്ക്കുകയായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി ജാവേദ് അഹ്‍മദ് പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് ആദ്യം ലാത്തിച്ചാര്‍ജ് നടത്തിയെങ്കിലും പിരിഞ്ഞുപോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കണ്ണീര്‍വാതക പ്രയോഗവും ഒടുവില്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. സമീപത്തെ പൊലീസ് സ്റ്റേഷന്‍റെ ഉത്തരവാദിത്വമുണ്ടായിരുന്ന പൊലീസുകാരന്‍ അക്രമികളുടെ വെടിവെയ്പില്‍ കൊല്ലപ്പെട്ടു. സംഘട്ടനത്തിനിടെ വെടിവെയ്പില്‍ ഗുരുതര പരിക്കേറ്റ ഒരു മുതിര്‍ന്ന പൊലീസുദ്വോഗസ്ഥന്‍ പിന്നീട് മരണമടഞ്ഞു. സംഘര്‍ഷബാധിത പ്രദേശത്തേക്ക് കൂടുതല്‍ പൊലീസുദ്യോഗസ്ഥന്‍മാരെ അയച്ചതായി ജാവേദ് അഹ്‍മദ് അറിയിച്ചു. കഴിഞ്ഞ 2 വര്‍ഷമായി കയ്യേറ്റക്കാര്‍ പാര്‍ക്ക് കയ്യേറി സമരത്തിലാണ്. പ്രധാനമന്ത്രി, പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് റദ്ധാക്കുക, 60 ലിറ്റര്‍ ഡീസലും 40 ലിറ്റര്‍ പെട്രോളും ഒരു രൂപക്ക് നല്‍കുക, രാജ്യത്ത് നിലനില്‍കുന്ന കറന്‍സി മാറ്റി പകരം പുതിയ കറന്‍സി കൊണ്ടുവരുക തുടങ്ങിയവയാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News