സിദ്ദു രാജ്യസഭാംഗത്വം രാജിവച്ചു; എഎപിയിലേക്കെന്ന് സൂചന
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ അരുണ്‍ ജെയ്റ്റ്‍ലിക്കായി മണ്ഡലം ഒഴിഞ്ഞുകൊടുക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ...
ബിജെപിയുടെ മുതിര്‍ന്ന അംഗവും മുന്‍ ക്രിക്കറ്ററുമായ നവജോത് സിങ് സിദ്ദു രാജ്യസഭാംഗത്വം രാജിവച്ചു. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായ സിദ്ദു ഇന്നാണ് രാജി സമര്‍പ്പിച്ചത്. 2004 -2014 കാലഘട്ടത്തില്‍ അമൃതസറിനെ ലോക്സഭയില്‍ പ്രതിനിധീകരിച്ചിരുന്ന സിദ്ദുവിനോട് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ അരുണ്‍ ജെയ്റ്റ്‍ലിക്കായി മണ്ഡലം ഒഴിഞ്ഞുകൊടുക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ബിജെപിയുമായി അകലാന്‍ തുടങ്ങിയ സിദ്ദുവിനെ അടുത്തിടെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. സിദ്ദുവിന്‍റെ ഭാര്യ നവജോത് കൌര്‍ സിദ്ധുവും ബിജെപി നേതാവാണ്. പഞ്ചാബ് നിയമസഭാംഗം കൂടിയാണവര്‍.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എഎപി പാളയത്തിലേക്ക് സിദ്ദു കൂടുമാറാനാണ് സാധ്യതയെന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ സൂചന നല്‍കിയതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിദ്ദുവിന്‍റെ ഭാര്യയും ബിജെപി പാളയം ഉടന്‍ വിടുമെന്നാണ് അറിയുന്നത്. 2017 ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ നിര്‍ണായക ശക്തിയായി മാറാന്‍ ലക്ഷ്യമിട്ട് കരുക്കള്‍ നീക്കുന്ന എഎപിക്ക് സിദ്ദുവിന്‍റെ തീരുമാനം കരുത്താകും.