അവസാനശ്വാസം വരെയും പോരാട്ടം തുടര്‍ന്ന സാമൂഹ്യപ്രവര്‍ത്തക
സിംഗൂരിലെയും നന്ദിഗ്രാമിലെയും ഭൂമി ഏറ്റെടുക്കലിനെതിരെ വീറോടെ പൊരുതി. യുഎപിഎക്കെതിരെ ശബ്ദമുയര്‍ത്തി.
എഴുത്തുകാരിയെന്ന നിലയില്‍ മാത്രമല്ല സാമൂഹ്യപ്രവര്‍ത്തക എന്ന നിലയിലും കൃത്യതയുള്ള രാഷ്ട്രീയം അവസാനശ്വാസം വരെ മഹാശ്വേതാ ദേവി കാത്തുസൂക്ഷിച്ചു. വിശ്വഭാരതി സര്‍വകലാശാലയില്‍ നിന്ന് മഹാശ്വേതാ ദേവി പുറത്ത് വന്നത് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായി മാത്രമായിരുന്നില്ല. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി നിരന്തരം അവര്‍ പോരാടി. പ്രകൃതി ചൂഷണങ്ങള്‍ക്കെതിരെ ഇന്ത്യ ആ ശബ്ദം കേട്ടു.
മഹാശ്വേതാദേവിയുടെ പ്രശസ്തമായ കൃതികളിൽ പലതും പശ്ചിമ ബംഗാളിലെ ആദിവാസികൾ, സ്ത്രീകൾ, ദളിതർ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കിയുള്ളവയാണ്. ആദിവാസികൾ അനുഭവിക്കേണ്ടി വന്ന ക്രൂരമായ അടിച്ചമർത്തലുകൾ, ജാതിവിവേചനങ്ങള്‍ ഒക്കെ എഴുത്തിലൂടെ തുറന്നുകാട്ടി. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചു. തെരുവിലും ഇതിനായി മഹശ്വേതാ ദേവിയുണ്ടായിരുന്നു. ഇടതുപക്ഷത്തിനൊപ്പം ചിലപ്പോള്‍ തീവ്ര ഇടതുപക്ഷത്തിനൊപ്പം അവര്‍ നിന്നു. ഇടതു സര്‍ക്കാറിന്‍റെ നയങ്ങള്‍ ജനവിരുദ്ധമാണെന്ന് തോന്നിയപ്പോള്‍ എതിര്‍ത്തു. സിംഗൂരിലെയും നന്ദിഗ്രാമിലെയും ഭൂമി ഏറ്റെടുക്കലിനെതിരെ വീറോടെ പൊരുതി. യുഎപിഎക്കെതിരെ ശബ്ദമുയര്‍ത്തി.
കേരളത്തില്‍ വല്ലാര്‍പാടം ടെര്‍മിനലിനായി കുടിയൊഴിക്കുന്നതിനെ മൂലമ്പിള്ളിക്കാര്‍ സമരത്തിനിറങ്ങിയപ്പോള്‍ പിന്തുണയുമായെത്തിയ മഹാശ്വേതാദേവി സാമൂഹിക പ്രശ്നങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞ് നില്‍ക്കുന്ന മലയാള സാഹിത്യപ്രവര്‍ത്തകരെ വിമര്‍ശിച്ചു. ടിപി വധത്തെത്തുടര്‍ന്ന് സിപിഎമ്മിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിലും അവര്‍ പങ്കാളിയായി. ആദിവാസി നേതാവ് സി കെ ജാനുവിന്‍റെ ബിജെപി സഖ്യത്തില്‍ ഖേദിച്ചു. മനുഷ്യനും പ്രകൃതിക്കും നേരെയുള്ള ചൂഷണം അവസാനിക്കാത്തിടത്തോളം അതിനിനെതിരെയുള്ള പോരാട്ടവും അവസാനിക്കില്ലെന്ന് വിശ്വസിച്ചു.