യുപി തദ്ദേശ തെരഞ്ഞെടുപ്പ്: ബിജെപിക്ക് ഗ്രാമപ്രദേശങ്ങളിൽ കനത്ത തിരിച്ചടി
മുൻസിപ്പാലിറ്റി, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ എസ് പിയും ബിഎസ് പിയും നേട്ടമുണ്ടാക്കിയപ്പോൾ ബിജെപിയുടെ ഒട്ടുമിക്ക സ്ഥാനാർത്ഥികളും പരാജയപ്പെട്ടു.
ഉത്തർപ്രദേശിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മേയർ സ്ഥാനങ്ങളിലേക്ക് മികച്ച മുന്നേറ്റം നടത്തിയെങ്കിലും ബിജെപിക്ക് ഗ്രാമപ്രദേശങ്ങളിൽ തിരിച്ചടിയേറ്റു. വോട്ടിങ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയ ഇടങ്ങളിലാണ് മുഖ്യമായും തിരിച്ചടിയേറ്റത്. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാട്ടിയാണ് ബിജെപി അധികാരം പിടിക്കുന്നതെന്ന തങ്ങളുടെ വാദം ശരിവെക്കുന്നതാണ് ഇതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.
വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന 16 മേയർ സ്ഥാനങ്ങളിൽ 14 ഇടത്തും വൻവിജയമാണ് ബിജെപി നേടിയത്. എന്നാൽ ബാലറ്റ് പേപ്പറുപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന ഗ്രാമപ്രദേശങ്ങളിൽ കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടതെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാകുന്നു. മുൻസിപ്പാലിറ്റി, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ എസ് പിയും ബിഎസ് പിയും നേട്ടമുണ്ടാക്കിയപ്പോൾ ബിജെപിയുടെ ഒട്ടുമിക്ക സ്ഥാനാർത്ഥികളും പരാജയപ്പെട്ടു.
11944 വാർഡുകളിലേക്ക് സ്ഥാനാർത്ഥികളെ നിർത്തിയ ബിജെപിയുടെ 9812 സ്ഥാനാർത്ഥികളും പരാജയപ്പെട്ടതായാണ് പ്രതിപക്ഷം പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. 245 പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 100 ഇടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. ലോക്സഭ തിരഞ്ഞെടുപ്പിൽ 80 ൽ 73 സീറ്റ് നേടിയ ബിജെപി 325 സീറ്റു നേടി നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. എന്നാൽ അധികാരത്തിലേറി ഒരു വർഷത്തിനകം നടന്ന ത്രിതല തിരഞ്ഞെടുപ്പിൽ നേട്ടം ആ നേട്ടം ബിജെപിക്ക് കൈവരിക്കാനായില്ല.
വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചിടങ്ങളിൽ 46 ശതമാനത്തിലേറെ വോട്ടുകൾ ബിജെപി സ്വന്തമാക്കിയപ്പോൾ ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന പ്രദേശങ്ങളിൽ വെറും 15 ശതമാനത്തിനടുത്ത് മാത്രമാണ് ബിജെപിക്ക് അനുകൂലമായി ലഭിച്ചത്. ഇത് തന്നെ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുണ്ടെന്നതിൻറെ തെളിവാണെന്ന് എസ്പിയും ബിഎസ്പിയും ചൂണ്ടിക്കാട്ടുന്നു.