അതിര്‍ത്തിയില്‍ തിരിച്ചടിച്ച് ഇന്ത്യ; 15 പാക് സൈനികരെ വധിച്ചു

Update: 2018-05-13 13:05 GMT
Editor : Sithara
അതിര്‍ത്തിയില്‍ തിരിച്ചടിച്ച് ഇന്ത്യ; 15 പാക് സൈനികരെ വധിച്ചു
Advertising

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു.

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യവുമായി ഇന്ത്യന്‍ സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുന്നു. 15 പാക് സൈനികരെ കൊലപ്പെടുത്തിയതായും 4 പാക് പോസ്റ്റുകള്‍ തകര്‍ത്തതായും അതിര്‍ത്തി രക്ഷാസേന അറിയിച്ചു. അതിര്‍ത്തിയിലെ 200 കിലോമീറ്റര്‍ പ്രദേശത്ത് അതീവജാഗ്രത നിര്‍ദേശം നല്‍കി.

ആര്‍എസ് പുരയും പൂഞ്ചും കേന്ദ്രീകരിച്ച് പാക് സൈന്യം നടത്തിയ ആക്രമണം ഇന്നലെ രാത്രിയോടെയാണ് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചത്. കോട്ട് വാ, പല്ലന്‍വാല, നൌഷറ, ഹീറാനഹര്‍ എന്നിവിടങ്ങളില്‍ ഷെല്ലാക്രമണവും വെടിവെപ്പും തുടരുകയാണ്. 6 ഇടങ്ങള്‍ കേന്ദ്രീകരിച്ച് 42 ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്താന്‍ ആക്രമണം. പാകിസ്താന്റെ ആക്രമണത്തില്‍ 2 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 15 പാക്സൈനികരെ വധിച്ചതായി ബിഎസ്എഫ് അറിയിച്ചു.

ജനവാസ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പാക് സൈന്യത്തിന്റെ ആക്രമണം. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന്‍ കമാന്‍ഡോകള്‍ നിയന്ത്രണ രേഖ ലംഘിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തി മേഖലയില്‍ ഇന്നലെ രാത്രി 2 നുഴഞ്ഞുകയറ്റശ്രമങ്ങള്‍ ഇന്ത്യ പരാജയപ്പെടുത്തി. മഞ്ഞുകാലത്തിന് മുന്‍പ് നുഴഞ്ഞുകയറ്റ ശ്രമം രൂക്ഷമാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പാക് പ്രകോപനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ബിഎസ്എഫ് മേധാവിക്ക് നിര്‍ദേശം നല്‍കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News