500, 1000 നോട്ടുകള്‍ പമ്പുകളിലും ആശുപത്രികളിലും നാളെ മുതല്‍ ഉപയോഗിക്കാനാവില്ല
അസാധുവാക്കിയ 500, 1000 നോട്ടുകള്‍ പെട്രോള്‍ പമ്പുകളിലും ആശുപത്രികളിലും ഉപയോഗിക്കാനുള്ള സമയപരിധി ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും.
അസാധുവായ നോട്ടുകള്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇളവ് ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും. 500ന്‍റെയും 1000ന്‍റെയും പഴയ നോട്ടുകള്‍ ആശുപത്രികളിലും പെട്രോള്‍ പമ്പുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഇന്ന് അര്‍ധരാത്രി വരെ മാത്രമെ നല്‍കാനാവൂ. അസാധുവായ നോട്ടുകള്‍ അടുത്ത മാസം അവസാനം വരെ ബാങ്കുകളിലൂടെ മാറ്റിയെടുക്കാനാകും.
500,1000 നോട്ടുകള്‍ അസാധുവാക്കിയതിന്റെ ഭാരം നേരിട്ട് ജനങ്ങളിലേക്ക് എത്താതിരിക്കാനാണ് പെട്രോള്‍ പമ്പുകളിലും ആശുപത്രികളിലും റെയില്‍വേ സ്റ്റേഷനുകളിലും ഈ നോട്ടുകള്‍ സ്വീകരിക്കണമെന്ന വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ പുതിയ നോട്ടുകള്‍ ആവശ്യത്തിന് ജനങ്ങളിലേക്ക് എത്താത്ത സാഹചര്യത്തില്‍ ഇളവുകള്‍ നിര്‍ത്തലാക്കുന്നത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും.
നാളെ മുതല്‍ ബാങ്കുകളുടെ ശാഖകളിലൂടെ മാത്രമെ അസാധുവാക്കിയ നോട്ടുകള്‍ മാറിലഭിക്കുകയുള്ളു. ഡിസംബര്‍ 30 ഓടെ അസാധുവായ നോട്ടുകള്‍ മാറി നല്‍കുന്നത് പൂര്‍ണ്ണമായും അവസാനിക്കും. ട്രഷറികളില്‍ പണം അടയ്ക്കുന്നതും നികുതി ബില്‍, കെഎസ്ഇബി ബില്‍ തുടങ്ങിയവ അടയ്ക്കുന്നതിനും നാളെ മുതല്‍
പുതിയ നോട്ടുകള്‍ തന്നെ വേണം. ആശുപത്രികളിലടക്കം അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്നത് കുറച്ച് ദിവസത്തേക്കെങ്കിലും നീട്ടണമെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം.